Friday 24 April 2020

പ്രതീക്ഷ

പ്രതീക്ഷ
വാസുവിൻ്റെ വീട് ഒരു കുന്നിൻ മുകളിലാണ് .ചെറിയ വീടായിരുന്നു അത് .വാസുവിൻ്റെ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുമ്പം.കൂലി പണിയും സ്വന്തമായി കുറച്ച് കൃഷി ചെയ്തും ആയിരുന്നു ജീവിതം. വയസ്സായ അമ്മയുടെ ചികിത്സ കുട്ടികളുടെ പഠനം വീട്ടിലെ ചെലവുകൾ എന്നിവ എല്ലാം നടത്തണമായിരുന്നു.
അപ്പോൾ അതാ ജീവിതം മാറ്റിമറിച്ച് ലോകത്തെ പിടിച്ചുലക്കുന്ന മഹാമാരിയുടെ കടന്നുകയറ്റം.കോവിഡ് 19 എന്ന രോഗത്തിൻ്റെ ഫലമായി ലോകം മുഴുവൻ ലോക് ഡൗൺ ആയി.വാസുവിൻ്റെ ജീവിതവും വഴിമുട്ടി.വാസുവിന് പണി കിട്ടാതെയായ.
വീട് പട്ടിണിയായി.
അമ്മയ്ക് വേണ്ട മരുന്ന് വാങ്ങാൻ പൈസ ഇല്ലാതായി.പക്ഷെ വാസു തളർന്നില്ല.
ഗവൺമെൻ്റിൽ നിന്നും കിട്ടിയ അരിയും സാധനങ്ങളും വാസു സന്തോഷത്തോടെ സ്വീകരിച്ചു.
അപ്പോഴാണ് ദൈവാനുഗ്രഹത്താൽ വേനൽ മഴ ലഭിച്ചത്.
വാസു സന്തോഷത്തോടെ തൻ്റെ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
തൻ്റെ കൃഷി ഭൂമിയിൽ വാഴയും ചേമ്പും കാച്ചിലും വീട്ടാവശ്യത്തിനുള്ള മഞ്ഞൾ ഇഞ്ചി തുടങ്ങിയ ഇടവിള കൃഷികൾ നടാൻ തുടങ്ങി.
അമ്മയ്ക്ക് വേണ്ട മരുന്നുകൾ പോലീസ് വീട്ടിൽ എത്തിച്ചു തന്നു.
വാസു അവരോട് തൻ്റെ നന്ദി രേഖപ്പെടുത്തി.
ഇതിൽ നിന്നും വാസു ഒരു കാരു മനസ്സിലാക്കി ജീവിതത്തെ ധൈര്യസമേതം മുന്നോട്ട് നയിക്കണമെന്ന്. നമ്മുടെ മുന്നിൽ ഒരു വഴിമാത്രമല്ല പല വഴികൾ തുറന്നിട്ടിരിക്കുന്നു. എല്ലാവരെയും നന്ദിയോടെ സ്മരിച്ച് വാസുവും കുടുമ്പവും സന്തോഷത്തോടെ ജീവിതം തുടർന്നു.


ദിയ റ്റി എസ്
5 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

Thursday 23 April 2020

പരിസ്ഥിതി സംരക്ഷണം


           പ്രകൃതിയെ സംരക്ഷിക്കാനായി ചെയ്യുന്ന പ്രവർത്തികളെയാണ് പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ട് അർഥമാക്കുന്നത്.

   ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യനും മറ്റെല്ലാജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യത്തിൽ നാം ജാഗരൂഗരായില്ലെങ്കിൽ പ്രകൃതിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിതീരും.മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങൾ ലഭ്യമാവുന്നത് പ്രകൃതിയിൽ നിന്നാണ്.

                           ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്.എന്നാൽ കാലംകഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയും പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണംചെയ്യുകയും,ചെയ്യുന്ന പ്രവർത്തികൾ നടന്നുവരുന്നതുകാരണം പ്രകൃതിയുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.


              വനനശീകരണവും കുന്നിടിക്കൽ അടക്കമുള്ള അമിതമായ പ്രകൃതിചൂഷണവും കാരണം മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുകയാണ്.ഇത്തരത്തിലുള്ള പ്രകൃതിചൂഷണം നിയന്തിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്അമിത വിഭവ ഉപയോഗംജനപ്പെരുപ്പം,സാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന മാറ്റങ്ങൾ അതിന്റെ ക്ഷയത്തിന് കാരണമാവുന്നു.


          ആയതിനാൽ പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.


അനുപ്രിയ 6 A


Wednesday 22 April 2020

കൊറോണ എന്ന മഹാമാരി


         കൊറോണ വൈറസ് അഥവാ കോവിഡ് 19 ഒരു മഹാമാരിയായി പരിണമിച്ചുവല്ലോ. ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിലായി. അതു കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാനുള്ള കഠിനശ്രമത്തിലാണ് ലോകം മുഴുവൻ .അതിൽ നാം വിജയിക്കുമെന്ന് ഉറപ്പാണ്.

എന്താണ് കൊറോണ വൈറസ്?. ഇത് അപകടമാകുന്നതെങ്ങനെ ?. 

       എവിടെ നിന്നാണ് ഈ വൈറസ് വന്നതെന്ന് ഇതുവരെ ശാസ്ത്രലോകം  കണ്ടെത്തിയിട്ടില്ല. മനുഷ്യൻ്റെയും മൃഗത്തിൻ്റെയും സെല്ലുകളിൽ ഇവ കയറി കൂടി പെരുകുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കി പകരുന്നു.മുഖ്യമായും ശ്വസനനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയായി ലക്ഷണങ്ങൾ കാണിക്കുന്നു

      കഠിനമായ തൊണ്ടവേദന അനുഭവപ്പെടുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്ക സ്തംഭനം ,എന്നിവ ഉണ്ടാകും. മരണത്തിനും കാരണമാകുന്നു. മനുഷ്യർ ,മൃഗങ്ങൾ, പക്ഷികൾ ,തുടങ്ങിയ സസ്തനികളിൽ രോഗ മാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് .

             ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് .2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ചSARS ,സൗദി അറേബ്യയിൽ ഉണ്ടായMERS എന്നീ രോഗങ്ങൾ അനേകം ആളുകളെ കൊന്നൊടുക്കി. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ വൈറസ് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്നതാണ്. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.

             പ്രായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും .ഇതുവഴി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. ഒരു പകർച്ചവ്യാധി ആയതിനാൽ സാമൂഹിക അകലം പാലിച്ച് ഇതിനെ നമുക്ക് പ്രതിരോധിക്കാം. നല്ലതിനായി പ്രാർത്ഥിക്കാം.



ദിയ റ്റി.എസ് 5 B

Tuesday 21 April 2020

‌ശുചിത്വം

‌ശുചിത്വം
നേരം പുലർന്നത് അപ്പു വളരെ കഴിഞ്ഞാണ് അറിഞ്ഞത് നിദ്ര അവസാനിപ്പിച്ച് അപ്പു ജനലരികിൽ ഇരുന്ന് തന്റെ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന മാവിന്റെ ശിഖരത്തിലുള്ള പഴങ്ങളിലേക്ക് ശ്രദ്ധിക്കുകയായിരുന്നു. 
പെട്ടെന്നാണ് എവിടെ നിന്നോ ഒരു കനത്ത ദുർഗന്ധം അവന്റെ മൂക്കിൽ തറച്ചു കയറിയത്.
 " ഈ നശിച്ച ദുർഗന്ധം എവിടെ നിന്നാണ് വരുന്നത്?" അവൻ ചിന്തിച്ചു. 
പുറത്തിറങ്ങി ചുറ്റുപാടും നോക്കി പിന്നാം പുറത്തുള്ള ഓവു ചാലിൽ നിന്നാണ് ആ ദുർഗന്ധം . 
അവൻ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു." അമ്മേ എന്താണ് ഇവിടെ നിന്നും ഇത്രയും രൂക്ഷ ഗന്ധം വരുന്നത്?" അമ്മയുടെ മറുപടി ഇതായിരുന്നു." മോനേ ഈ ഓവു ചാലിൽ നിറച്ചും പഴകിയ സാധനവും പ്ലാസ്റ്റിക്ക് കവറുകളുമാണ്." 
അമ്മേ എന്നിട്ടെന്താണ് നിങ്ങൾ ഇത് വൃത്തിയാക്കാത്തത്?" അപ്പു ചോദിച്ചു. 
അപ്പോൾ അമ്മ മറുപടി പറഞ്ഞു. "മോനേ ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രമല്ലേ ഉള്ളൂ. അച്ഛൻ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ എത്തും. അപ്പോൾ അച്ഛൻ വൃത്തിയാക്കി കൊള്ളും. അല്ലാതെ നമുക്ക് ഒറ്റക്ക് അത് സാധിക്കുകയില്ല." 
അമ്മ പറയുന്നതെല്ലാം കേട്ട് അപ്പു തലകുലുക്കി. മാവിൻ ചുവട്ടിൽ വീണു കിടക്കുന മാമ്പഴം എടുക്കാൻ പോയി.
കൂട്ടുകാർ അപ്പുവിന്റെ വീട്ടിലെത്തി. അവർ ഓരോ കളികളിൽ ഏർപ്പെട്ടു. കളിക്കുന്നതിനിടയിൽ ആ ദുർഗന്ധം അവരെ അസ്വസ്ഥമാക്കി. 
"എവിടെ നിന്നാണ് ഈ ദുർഗന്ധം അനുഭവപ്പെടുന്നത് ?" അനു ചോദിച്ചു. "അത് ഞങ്ങളുടെ പിന്നാമ്പുറത്തു നിന്നാണ് അമ്മ പറഞ്ഞു അച്ഛൻ വന്നിട്ട് വൃത്തിയാക്കാമെന്ന് " . 
കൂട്ടുകാരും അപ്പുവും പിന്നാമ്പുറത്തേക്ക് പോയി. അവർ അവിടെ കണ്ട കാഴ്ച ഏവരേയും അസ്വസ്ഥമാക്കി. നിറച്ചും പ്ലാസ്റ്റിക്കുകൾ, ചിരട്ടകളിൽ കെട്ടി കിടക്കുന്ന മലിന ജലം, പൊട്ടിയ പാത്രങ്ങൾ , ഓവു ചാലിലൂടെ പുഴയിൽ എത്തുന്ന ദുർഗന്ധം വമിക്കുന്ന ജലം . 
"അപ്പൂ... എന്താണ് ഇവിടം ഇത്രയും വൃത്തിയില്ലാതെ കിടക്കുന്നത്? 
നമ്മുടെ ക്ലാസുകളിൽ നമ്മൾ പഠിച്ചിട്ടില്ലേ നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ?"
ഇത് കേട്ടപ്പോൾ ഓരോരുത്തരും പറഞ്ഞു " അതെ നമ്മൾ പഠിച്ചിട്ടുണ്ട്" കൂട്ടത്തിൽ അപ്പുവും ചെറു പുഞ്ചിരിയോടെ പറഞ്ഞു. "അതെ നമ്മൾ പഠിച്ചിട്ടുണ്ട്.
കിച്ചു പറഞ്ഞു " എന്നാൽ നമുക്കിവിടെ വൃത്തിയാക്കിയാലോ ". കൂട്ടുകാർ ഉയർന്ന സ്വരത്തിൽ പറഞ്ഞു " വൃത്തിയാക്കാം ... വൃത്തിയാക്കാം .... അപ്പൂ നീ പോയി തൂമ്പ കൊണ്ടു വാ " . 
കൂട്ടുകാർ ഒരുമയോടെ അവിടം വൃത്തിയാക്കാൻ തുടങ്ങി. നേരം സന്ധ്യയോടുത്തപ്പോഴേക്കും അവർ അവിടം മുഴുവൻ വൃത്തിയാക്കി.
പിന്നാംപുറത്തെത്തിയ അമ്മ അത്ഭുതപ്പെട്ടു നിന്നു. "ഇവിടം ആകെ മാറിയിരിക്കുന്നല്ലോ ! 
ആരാണ് ഇവിടെ വൃത്തിയാക്കിയത് " . അപ്പോൾ അപ്പു പറഞ്ഞു. " ഞങ്ങളാണ്." 
"നിങ്ങളെ കൊണ്ട് ഇതെങ്ങനെ സാധിച്ചു " അമ്മ ആശ്ചര്യത്തോടെ ചോദിച്ചു. "നമ്മുടെ വീടും പരിസരവും ശുചിത്വമാക്കേണ്ടത് നാം ഏവരുടെയും ചുമതലയാണ്. എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു ജീവിതം നമുക്ക് നയിക്കാൻ സാധിക്കുകയുള്ളൂ. 
മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞ് നാം തള്ളി കളയരുത്. അപ്പോൾ നാം സ്വന്തം പ്രകൃതിയെയും പുതു തലമുറയേയും കൂടിയാണ് മറക്കുന്നത് " കൂട്ടത്തിൽ മൂത്തവനായ ജോൺസൺ പറഞ്ഞു. അമ്മ ഏറെ അഭിമാനത്തോടെ അവരെ ആലിംഗനം ചെയ്തു.
 " ഞാൻ ഒരിക്കലും നിങ്ങളിൽ നിന്നുള്ള ഈ നല്ല പാഠം മറക്കില്ല. നിത്യജീവിതത്തിൽ ശുചിത്വം അത്യാവശ്യ ഘടകമാണ്. " അമ്മ ഒരു ചെറു പുഞ്ചിരിയോടെ ആവർത്തിച്ചു.



അർച്ചന ഇ.ആർ
  7 B
എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

Monday 20 April 2020

‌ജാഗ്രത

‌ജാഗ്രത
നമ്മെ എല്ലാവരെയും ആശങ്കയിലാഴ്ത്തിയ മഹാവിപത്താണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19. ലോക ജനതയെ പിടിച്ചുകുലുക്കിയ മഹാവിപത്ത്. ചൈന, ഇറ്റലി, ജർമ്മനി, അമേരിക്ക, ഇന്ത്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഒരുപാട് ജനങ്ങൾ മരണപ്പെട്ടു. ഇപ്പോഴും ഒരുപാട് പേർ നിരീക്ഷണത്തിലാണ്.ഇതിനു മുമ്പും നിപ്പയായും പ്രളയമായും നിരവധി വി പത്തുകൾ നമ്മൾ അതിജീവിച്ചിരുന്നു.
കൊറോണ വൈറസിന് സ്വന്തമായി നിലനില്പ്പില്ല. ആദ്യം മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും പിന്നീട് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നു. വൈറസ് ഒരു വ്യക്തിയുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ ശ്വാസതടസം ഉണ്ടാകുന്നു ഈ വൈറസ് മൂലം അസുഖമുള്ള വ്യക്തിക്ക് ആദ്യം വരുന്നത് ജലദോഷമാണ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ജലദോഷം, പനി, ചുമ, ശ്വാസതടസം, തുമ്മൽ എന്നിവയാണ്
കോവിഡ് 19 അധികമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പുറത്തു പോയി വന്നതിനു ശേഷo കൈകാലുകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക ,വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവ ശീലമാക്കുവാൻ നമ്മൾ പരിശ്രമിക്കണം.
നമുക്കു വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടർമാർ, നഴ്സുമാർ ,പോലീസുകാർ, ആരോഗ്യ വകുപ്പുകാർ എന്നിവരെല്ലാം പ്രയത്നിക്കുന്നു. അതിനാൽ നമ്മൾ അവരോടു സഹകരിക്കണം.
ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ശിവാനി രാജീവ്
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


Sunday 19 April 2020

ഈ കാലവും കടന്നു പോകും

ഈ കാലവും കടന്നു പോകും
അതേ ഭയമുണ്ട് ഒറ്റപ്പെടലും
പരിഭ്രാന്തിയുമുണ്ട്
അതെ രോഗമുണ്ട് മരണവുമുണ്ട്
വീണയിൽ മരണ സംഗീതമുയർന്നിടുന്നു
ദരിദ്രനെന്നോ? സമ്പന്ന നെന്നോ?
ജാതിയെന്നോ?മതമെന്നോ
ഭേദമില്ലാതെ പിന്തുടരുന്നു
കോവിഡെന്ന ഈ മഹാമാരി
തടഞ്ഞിടാം നമുക്കീ
മഹാമാരിയെ
അകലം പാലിക്കാം നമുക്ക്
മനസ്സുകൊണ്ട് അടുത്തിടാം
കഴുകണം കൈകൾ ഇടയ്ക്കിടെ
പുറത്തുപോകുമ്പോൾ ധരിച്ചിടാം മുഖാവരണം
രാവില്ലാ,പകലില്ലാ നമ്മുടെ രക്ഷക്കായ്
പൊരുതുന്നവരെ സ്മരിച്ചിടാം നമുക്ക്
നിർദേശങ്ങൾ പാലിക്കാം നല്ലൊരു നാളേക്കായ്
ഒടുവിൽ നമുക്ക് തുരത്തീടാം
കൊറോണയെ, നമ്മൾ ഒന്നിച്ചീടിൽ
അനഘ പി വി
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

Saturday 18 April 2020

കോവിഡ് അവധിക്കാലം

കോവിഡ് അവധിക്കാലം
അങ്ങനെ നീണ്ട ഒരു അവധികാലം കിട്ടി, കളിച്ചും , മാങ്ങ പറിച്ചും, ചക്ക തിന്നും ,കശു വണ്ടി പെറുക്കിയും ,സൈക്കിൾ ഓടിച്ചും, ഊഞ്ഞാൽ ആടിയും, ചിത്രം വരച്ചും, ടി.വി.കണ്ടും അടികൂടിയും, ഫുട്ബോൾ കളിച്ചും ഓരോ ദിവസവും തള്ളി നീക്കുന്നു. വളരെ വിഷമ ഘട്ടത്തിലാണ് നമ്മൾ എല്ലാവരും. കാരണം ലോകജനങ്ങളെ കാർന്നുതിന്നുന്ന കൊറൊണ വൈറസ്...ഈ വൈറസിനെതിരെ കഷ്ടപെടുന്ന എല്ലാവരെയും ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്നു. ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പള്ളിയിൽ പോകാനോ, അമ്മ വീട്ടിൽ പോകനോ, പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.വീട്ടിൽ ഇരുന്നു മടുത്തു . പുറത്തിറങ്ങിയാൽ പോലിസ് അടിക്കും... എന്നാണാവോ സ്കൂൾ തുറക്കുക ? കൊതിയാകുന്നു കൂട്ടുകാരെയും , ടീച്ചർ മാരെയും കാണാൻ. ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് സ്കൂൾ തുറക്കുന്നതും പഴയപടി എല്ലാം ആകുന്നതും കാത്തിരിപ്പാണ്


Friday 17 April 2020

പ്രകൃതിയുടെ കഥ

പ്രകൃതിയുടെ കഥ
സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ശ്വസിക്കുവാൻ വായു ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിന് വേണ്ടി മനുഷ്യർ പരിസ്തിഥി ക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിക്കണം.അതികമായി വായൂ മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതു കൊണ്ട് ഓക്സിജൻ്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു.ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുന്നു ഭൂമിയുടെ ചൂടിൻ്റെ വർദ്ധന തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കൽ...


Thursday 16 April 2020

കൊടുംഭീകരനാം കൃമി കീടം

കൊടുംഭീകരനാം കൃമി കീടം
കൊറോണയുണ്ട ത്ര കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കിട്ടു തീയായ്

വിദ്യയിൽ കേമനാം മനവരെ 'ക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ദീഷണിയായ്

ഇനി യാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞിടുവാൻ

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ യിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദനൃത്തത്തിൽ കളിപ്പാവയോ

സങ്കടമുണ്ട് മനസകമെല്ലാമേ-
സച്ചരാം മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദിശയല്ലയോ

അഹന്തകളെല്ലാ മേ വെടിയുക മനുഷ്യ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ (2)
നിസ്സാരനായ് കൃമി കീടത്തെ കാണാതെ
നിൻ്റെ നിസ്സാരത ഓർക്കുക നീ...


Wednesday 15 April 2020

കോവിഡ് 19 കേരളത്തിലും

കോവിഡ് 19 കേരളത്തിലും
കെറോണ എന്ന കോവിഡ് 19
അങ്ങ് ചൈനയിൽ
വുഹാനിലാണത്രേ പൊട്ടിപ്പുറപ്പെട്ടത് !
വന്യജീവികളിൽ നിന്നാണത്രേ മനുഷ്യനിലെത്തിയത് !
പത്രങ്ങളിലൂടെ വായിച്ചു പോയനേരം
ചൈന അതൊരു ദൂര രാജ്യം, അവിടെയല്ലെ...
  നമ്മെളെന്തിനു പേടിക്കണം?
 നമ്മളിവിടെ കേരളത്തിൽ
 ഡിസംബർ കഴിഞ്ഞു ജനുവരിയും കഴിഞ്ഞു
ഫെബ്രുവരിയും കഴിഞ്ഞു
 മാർച്ചിൽ കേരളത്തിൽ
   കോവിഡ് അവതരിച്ചു
 ജാഗ്രതനിർദ്ദേശങ്ങളെത്തി......
ജനങ്ങൾ പുറത്തിറങ്ങരുത്.
കൂട്ടം കൂടരുത്,
മൂക്കും വായും
മൂടി കെട്ടണം,
ഇടക്കിടെ സോപ്പ്
ഉപയോഗിച്ച് കൈ കഴുകണം.
 അതെ....
കേരളവും ലോക്ക് ഡൗണിൽ!
 ജനങ്ങൾക്ക് ജോലി ചെയ്യുവാൻ നിർവാഹമില്ല.
എല്ലാം അടച്ചിട്ടു!വിദ്യാലയങ്ങളും ,
ഓഫീസുകളും , കമ്പനികളും ...
ആരോഗ്യപ്രവർത്തകരും പോലീസുകാരും
അഹോരാത്രം ജോലിയിൽ മുഴുകി,
ദിവസങ്ങൾ കഴിഞ്ഞു.
  ലോക്ക് ഡൗൺ നീട്ടി
ഏപ്രിൽ അവസാനത്തോടെ
അൽപ്പം ശാന്തി ,
ഇളവുകൾ പ്രഖ്യാപിച്ചു.
കേരളവും അതിജീവനത്തിന്റെ പാതയിൽ
 കരുതലോടെ,കരുത്തോടെ,
 നമ്മൾ ഒറ്റ കെട്ടോടെ,
ജാഗ്രതയോടെ അതിജീവിക്കും
തുടച്ചു നീക്കാം ഈ മഹാമാരിയെ......


Tuesday 14 April 2020

ഭയാനകമായ കോവിഡ് ദുരന്തം

ഭയാനകമായ കോവിഡ് ദുരന്തം
ഇതുവരെ ലോകം കണ്ട മാരകമായ വൈറസ് ആണ് കൊറോണ . ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണ ഇന്ന് ലോകത്തിന്റെ പല രാഷ്ട്രങ്ങളിലും പടർന്നുകൊണ്ടിരിക്കുന്നു. ദൗർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ ഇന്ത്യയിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും ഇന്ന് കോവിഡ് ഭീതിയിലാണ്. വിലപ്പെട്ട മനുഷ്യ ജീവനുകൾ ഈ വൈറസ് കവർന്നെടുത്തു കൊണ്ടിരിക്കുന്നു. ഇതുവരെ മതിയായ ചികിൽസ കണ്ടുപിടിക്കാത്തതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് നമ്മളോരോരുത്തരും സ്വീകരിക്കേണ്ടത്.
കൊറോണ വൈറസ് ബാധിച്ചാൽ ഉള്ള രോഗലക്ഷണങ്ങൾ
2 മുതൽ 10 ദിവസത്തിനകം പ്രത്യക്ഷപ്പെടും. മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വർ തീർച്ചയായും വൈദ്യ പരിശോധന നടത്തണം. രോഗിയെ പരിചരിക്കുന്നവർ കയ്യുറ , മാസ്ക് എന്നിവ ധരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്. കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക. തോർത്ത് , വസ്ത്രങ്ങൾ ഇവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവ്വൽ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക. പൊതു സ്ഥലത്ത് തുപ്പാതിരിക്കുക. ചുമയോ, ജലദോഷമോ, ശ്വാസതടസ്സമോ തോന്നുന്നുവെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക. ഹസ്തദാനം ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ഈ വൈറസിനെ നമുക്ക് തുരത്താനാകും.
പരീക്ഷകൾ മാറ്റി, ദൂര യാത്രകൾ മാറ്റി, വിവാഹം, മരണാനന്തര ചടങ്ങുകൾ ഇതെല്ലാം വെറും ചടങ്ങുകൾ മാത്രമായി.
കോവിഡ് 19 വൈറസേ ...നിന്നെ ഞങ്ങൾ ഒറ്റകെട്ടായി ചേർന്ന് തോൽപ്പിക്കും. ശുചിത്വം പാലിച്ച് കൊണ്ട് നിന്നെ ഞങ്ങൾ കീഴ്പ്പെടുത്തും...


Monday 13 April 2020

മാനുഷരെല്ലാരും ഒന്നുപോലെ

മാനുഷരെല്ലാരും ഒന്നുപോലെ
കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കൊറോണ എന്ന
മഹാ വിപത്തു
ലോകത്തിൽ മൊത്തം പടർന്നിടുന്നു
തമ്മിലടിയില്ല കലഹമില്ല
വണ്ടിയിടിച്ച് മരണമില്ല
കാറിലിരുന്നു പറന്നവരോ
കാവലിരുപ്പാണ് പൂമുഖത്ത് വെട്ടത്തിറങ്ങാതെ നോക്കിടേണം
 വീടിനകത്ത് കഴിഞ്ഞിടേണം
തോരണം തൂക്കിയ പന്തലില്ല
ആൾകൂട്ടമില്ല ബഹളമില്ല
 

Sunday 12 April 2020

വരും നല്ലൊരു നാളെ

വരും നല്ലൊരു നാളെ
അമ്മു അന്നു പതിവിലും നേരത്തേയുണർന്നു. മറ്റന്നാളാണ് സ്കൂൾ വാർഷികം. ഡാൻസ് ഇനിയും പഠിച്ചു തീർന്നിട്ടില്ല. നേരത്തേ പോകണം. അവൾ അമ്മയുടെ വിളിക്കു കാത്തു നിൽക്കാതെ വേഗം കുളിച്ചൊരുങ്ങിയിറങ്ങി. "ഇന്നു മിടുക്കിയാണല്ലോ" അമ്മ പറഞ്ഞു. പുഞ്ചിരിച്ചു കൊണ്ടവൾ പാടവരമ്പിലൂടെ ശ്രദ്ധിച്ചു നടന്നു. തോട്ടിലെങ്ങാനും വീണാൽ................! ഹോട്ടലിലെയും മറ്റുo മാലിന്യങ്ങൾ കെട്ടികിടന്ന് മലിനമായ വെള്ളം.......
റോഡിൽ അനുവും അപ്പുവും കാത്തു നിൽക്കുന്നുണ്ടായിരുന്നു. " കൊറോണ പിടിമുറുക്കുകയാണല്ലോ" ആരോ പത്രത്തിലെ വാർത്ത ഉറക്കെ വായിക്കുന്നതു കേട്ടു .എന്താണീ കൊറോണ ?
അപ്പോഴേക്കും സ്കൂൾ ബസ് വന്നു നിന്നു.
ഡാൻസ് പ്രാക്ടീസിനി ടക്ക് മിനി ടീച്ചർ വന്നു." ഡാൻസും പ്രാക്ടീസും മാത്രം പോര കെട്ടോ, പരീക്ഷ ഇങ്ങെത്തി. നന്നായി പഠിക്കണം".ഞങ്ങൾ തലയാട്ടി. വീണ്ടും പ്രാക്ടീസ് തുടങ്ങി.
" നാളെ മുതൽ ക്ലാസ്സില്ല " അറിയിപ്പു വന്നു. അപ്പോൾ വാർഷികം...... പരീക്ഷ??? ഒന്നുമില്ലേ ?...... ആകപ്പാടെ ഒരു അങ്കലാപ്പ്. വീട്ടിലേക്ക് തിരിച്ചു. അപ്പുവും കൂട്ടുകാരും ആകെ സന്തോഷത്തിലാണ്. ഒന്നുരണ്ട് ദിവസം കഴിഞ്ഞു .എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴൽ മാത്രം. ടി .വി വാർത്തകൾ, പത്രവാർത്തകൾ:----- എങ്ങും കോവിഡ് 19 ന് എതിരെയുള്ള കരളുറപ്പോടെയുള്ള പോരാട്ടം.
ഇപ്പോൾ അമ്മുവിന് ഒറ്റക്കിരിക്കുവാൻ നേരമുണ്ട്. അവൾ ജനലഴി പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു. ഏതോ ഒരു കിളിയുടെ ശബ്ദം കേട്ടു ." അപ്പോൾ ഇത് നിന്റെ ശബ്ദമാണല്ലേ. എന്തു രസമാണ് നിന്റെ ശബ്ദം കേൾക്കാൻ! " മുറ്റത്തെ മാവിന്റെ ചില്ലയിലൂടെ തത്തിക്കളിച്ച് ഒരു ഓലേഞ്ഞാലി എങ്ങോട്ടോ പറന്നു പോയി.ഇത്രയും നാൾ ഞാൻ ശ്രദ്ധിച്ചതേയില്ല.
ഇളം കാറ്റ്. അവൾ മുറ്റത്തിറങ്ങി. മുറ്റത്തെ പൂച്ചെടികൾ, തൊടിയിലെ ചക്ക, മാങ്ങ, കിളികളുടെ പാട്ട് എല്ലാം ഇപ്പോൾ ആസ്വദിക്കുവാൻ നേരമുണ്ട്. അവൾ പറമ്പിലൂടെ നടന്നു. തോട്ടിലെ വെള്ളം തെളിഞ്ഞു നിൽക്കുന്നു. മീനുകളെയെല്ലാം കാണാം.
എന്നാലും.......... എന്റെ സ്കൂൾ ......... കൂട്ടുകാർ ......... പാട്ടുകൾ ........ കളികൾ.......
"എന്താ മോളേ ഇവിടെ? വീട്ടിലേക്കു പോയ്ക്കോളൂ." കരുതലിന്റെ ശബ്ദം അവിടെയും കേട്ടു .അവൾ വീട്ടിലേക്ക് ഓടി. രാത്രിയായി. മുത്തശ്ശി പറയുന്ന കഥകളും കേട്ട് നല്ലൊരു നാളെയേയും പ്രതീക്ഷിച്ചു കൊണ്ട് അവൾ ഉറങ്ങി.


Saturday 11 April 2020

കേരളം കരയുന്നു

കേരളം കരയുന്നു
വർത്തമാനത്തിന്റെ വാർത്തകളിൽ നിന്നും
വന സർപ്പം വാഴുന്ന കേരളം കണ്ടു ഞാൻ
കാസർഗോഡു മുതൽ കന്യാകുമാരി വരെ
കന്യാത്വം നഷ്ടപ്പെട്ടു കരയുന്നു കേരളം.

ഇന്നത്തെ കേരളമെത്ര വിരൂപമാ-
ണി തലമുറയെന്തേ യിങ്ങനെയായ്
ഇവിടുണ്ടോ നീതിയും ന്യായപ്രമാണവും
നിയമത്തെ യാർക്കും ഭയമില്ലാതായ്

നിറയുന്നു കുറ്റകൃത്യത്തിന്റെ കൂമ്പാരം
കുറ്റവാളിക്കിന്ന് ജയിലുമില്ല
പെണ്ണെന്നു കേട്ടാൽ പേരു മറക്കുന്ന
കേരളം നാരിക്ക് നരകതുല്യം
അമ്മയും പെങ്ങളും ഭാര്യയുമിവിടൊരു
സുഖഭോഗ ദായക ബലിമൃഗങ്ങൾ

സർവപാപത്തിനും പരിഹാരം കാണുവാൻ
കാലമൊരുക്കുമോ കുമ്പസാരക്കൂട്?
എന്നെങ്കിലുമെന്റെ കൊച്ചു കേരളം
ദൈവത്തിന്റെ നാടായി മാറീടുമോ




Friday 10 April 2020

തോരാമഴ

തോരാമഴ
ഇന്നും തോരാതെ
ഉള്ളിലൊരു മഴ പെയ്യുന്നുണ്ട്
ചിലപ്പോൾ വിശപ്പിന്റെ വിളിയിൽ
കണ്ണീർമഴയായിരിക്കും
അമ്മയുടെ മുഖത്ത്
എപ്പോഴും പെയ്യാത്ത കാർമേഘവും
അച്ഛൻ കലി തുള്ളി വീശും
തുലാവർഷ കാറ്റുപോലെ
ഇന്നും മഴയാണ് ഓർമകളിൽ തോരാതെ


Thursday 9 April 2020

ഒരുമയോടെ തുരത്തീടാം

ഒരുമയോടെ തുരത്തീടാം
ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം
ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ

നന്നായി അകലവും പാലിക്കണം
മാസ്കുകൾ എപ്പോഴും വേണം താനും

ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു
വൈറസിനെ
കൈകഴുകീടണം ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ

സമ്പർക്കത്തിലൂടെ മാത്രമാണീ
കൊറോണ നമ്മെ കീഴ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കണം
വ്യാധിയെ നമ്മൾ
പരത്തിടാതെ

നിപ്പ, സുനാമിയെ നേരിട്ടൊരു
ധീരരാം സോദരരുണ്ടിവിടെ
വേഗം തുരത്തിടാനായി
സർക്കാറും നമുക്ക് മുന്നിലുണ്ട്


Wednesday 8 April 2020

കൊറോണക്കാലം

കൊറോണക്കാലം
തുരത്തിടാം നമുക്ക് മഹാ മാരിയാം കോറോണയെ
ജയിച്ചീടാം നാം ഒന്നിച്ചു പ്രതിരോധിക്കുകിൽ
അനുസരിച്ചിടാം നമുക്ക് ആരോഗ്യവകുപ്പിനെ
പാലിച്ചിടാം നമുക്ക് സർക്കാറിൻ നിർദേശങ്ങളെ
വീട്ടിൽ കഴിഞ്ഞിടാം നമുക്ക് ലോക്ക് ഡൗണിൻ കാലയളവിൽ
ഉപേക്ഷിച്ചിടാം നമുക്ക് ഹസ്തദാനത്തെയും
കൈകളിലൂടെ പടർന്നിടും കോറോണയെ
തുരത്തിടാം നമുക്ക് കൈകഴുകുകിൽ കൂട്ടരേ
കോറോണയെ തുരത്തിടാൻ കൂടിടല്ലേ നമ്മൾ കൂട്ടമൊന്നും
ഇന്ന് തനിച്ചു നിന്നീടുകിൽ നാളെ ഒന്നായി മുന്നേറിടാം
നാടിനായി നമുക്കായി പൊരുതുന്ന സേവകരാം
ഡോക്ടറെം നഴ്സിനേം സ്മരിച്ചിടണം കൂട്ടരേ
തുരത്തിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ജയിച്ചീടാം ഒന്നിച്ച് പ്രതിരോധിക്കുകിൽ.....


Tuesday 7 April 2020

കൊറോണ പഠിപ്പിച്ച പാഠങ്ങൾ

കൊറോണ പഠിപ്പിച്ച പാഠങ്ങൾ
ലോക ജനതയെ മുഴുവൻ ആശങ്കപ്പെടുത്തിയ മഹാമാരിയായി കൊറോണ രോഗം മാറിയിട്ടുണ്ട് .അണുക്കളുടെ വ്യാപനം ദ്രുതഗതിയിൽ നടക്കുകയാണ്. ലോകത്തിന്റെ ഒരു കോണിൽ കണ്ടു തുടങ്ങിയ അണുക്കൾ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും എത്തുന്നതിന് കുറഞ്ഞ ദിവസങ്ങൾ മാത്രമെ വേണ്ടി വന്നുള്ളൂ .വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് അണുക്കളുടെ വ്യാപനം നമ്മെ ബോധ്യപ്പടുത്തുന്നത് .തൊഴിലിനായുo,ഉൽപ്പന്നങ്ങളുടെ വിപണനത്തിനായും, വിനോദസഞ്ചാരത്തിനായും രാജ്യാന്തര യാത്രകൾ നടത്തേണ്ടതായി വരുന്നു .ചില ഗുണമുണ്ടങ്കിലും ഗുണത്തേക്കാളേറെ ദോഷങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട് .രാജ്യങ്ങളും സമൂഹവും വ്യക്തികളും സ്വയം പര്യാപതമാവുകയാണ് ഇതിനുള്ള പരിഹാരം. തൊഴിലിനായും ഉത്പന്നങ്ങൾക്കായും ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട് .സ്നേഹവും സാഹോദര്യവും നിലനിർത്തി കൊണ്ട് സ്യയം പര്യാപ്തനാവുക എന്നതാണ് കൊറോണയുടെ പാoമായി ഞാൻ മനസിലാക്കുന്നത്.

Monday 6 April 2020

കൊറോണ

കൊറോണ
 കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്നി രണ്ട് പേരുകൾ പലയിടത്തും ആശയ കുഴപ്പം ഉണ്ടാക്കുന്നു.ഇത് രണ്ടും രണ്ട് വയറസ്സുകളാണെ എന്ന് കരുതുന്നവർ ഉണ്ട്. അല്ല കൊറോണ രോഗത്തെയും അതിനു കാരണമായ വയറസ്സിനെയും പ്രത്യേക പേര് ഇട്ട് വിളികുന്നു എന്നേയുള്ളു. കൊറോണ വയറസ്സ് എങ്ങനെയാണ് അപകടകാരി ആകുന്നത് എന്ന് നോക്കാം. നമ്മുടെ പ്രധിരോധ ശേഷിയെ തളർത്തുകയാണ് കൊറോണ ചെയ്യുനത്. അതുമൂലം പല രോഗങ്ങൾക്കും നമ്മുടെ ശരീരത്തെ ആക്രമിക്കാൻ സാധിക്കിം.സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ജലദോഷമോ, തൊണ്ടവേദനയോ, ചുമയോ, തുമമലോ കൊറോണയുടെ ലക്ഷണങ്ങൾ ആയേക്കാം ശ്വാസതടസമാണ് മറ്റൊരു പ്രധാന ലക്ഷ്ണം. കൊറോണ ബാധിച്ചവരിൽ ന്യുമോണിയക്ക് ഉള്ള സാധ്യതയും വളരെ കൂടുതൽ ആണ്. കഫം, ശ്വാസതടസം, പനി, ന്യൂമോണിയ, കിഡ്നി ഫെയിൽ എന്നിവയിലൂടെ ആണ് ഒരാളെ മരണത്തിലേക്ക് എത്തിക്കുന്നത്. 
 ഈ വയറസ് ബാധക്ക് ഇന്ന് വരെ പ്രത്യേകിച്ച് ഒരു മരുന്നും കണ്ട് പിടിച്ചിട്ടില്ല പരിചരണ ശുശ്രൂഷ മാത്രം. കൊറോണ അധവാ കോവിഡ് 19 എന്ന ഈ വയറസിനെ തുരത്താൻ നമ്മൾ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ ആണ് ഏറ്റവും സുപ്രധാനമായ കാര്യം ഈ രോഗാണു രോഗം ബാധിച്ച ആളിൽ നിന്ന് ആരോഗ്യ പ്രവർത്തകരിലൂടെ മറ്റുള്ളവരിലേക്ക് പകർന്നേക്കാം. രോഗം ബാധിച്ച ആളിൽ നിന്നും .കുടുംബാ അഗങ്ങളിലൂട യോ മിത്രങ്ങളിലൂട യോ മറ്റുള്ളവരിലേക്ക് പകർന്നേക്കാം.ശരീരവുമായിട്ടുള്ള സ്പർശനത്തിലൂടെ ഈ രോഗാണു പകരുന്നതാണ്. കൊറോണ ബാധിച്ച ആൾ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അടുത്തുള്ളവർക്ക് ശ്വാസത്തിലൂടയും രോഗം പകരാവുന്നതാണ്.പ്രതിരോധ മരുന്നുകളോ പരിഹാരമരുന്നുകളൊകണ്ടെത്തുന്നതു വരെ നമ്മൾ അൽപം ശ്രദ്ധ വെച്ചാൽ ഈ വയnസിൽ നിന്ന് നമുക്ക് ഈ മാനവകുലത്തെ രക്ഷിക്കാം. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ മുഖം ഒരു ടൗവ്വൽ ഉപയോഗിച്ച് അടച്ച് പിടിക്കുക. ഇത് വയറസ് ബാധ ഉള്ളവരൊ വയറസ് ബാധ ഉണ്ട് എന്ന് സംശയിക്കപെടുന്നവരൊ ഇത് ഒന്നും ബാധകം അല്ലാത്തവരൊ ഇങ്ങനെ തന്നെ ചെയ്യേണ്ടതു തന്നെയാണ്.ഇത് ഒരു സാമൂഹിക ഉത്തരവാധിത്തമാണ്. എപ്പോഴും മുഖത്ത് ഒരു മാസ്ക് അണിഞ്ഞ് നടക്കുക പ്രത്യേകിച്ച് പുറത്ത് ഇറങ്ങുമ്പോഴും ജനക്കൂട്ടത്തിലേക്ക് പോകുമ്പോഴെല്ലാം ഒരു ഫെയിസ്മസ്ക് ഉപയോഗിച്ച് മൂക്കും വായും കവർ ചെയ്ത് വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. 
 നമ്മുടെ കുഞ്ഞുങ്ങളെ പുറത്തെല്ലാം കൊണ്ടു പോകുമ്പോൾ ഒരു മുഖാവരണം അണിയിപ്പിക്കേണ്ടത് ആവശ്യം തന്നെയാണ്. കൈ ഇടക്ക് ഇടക്ക് സോപ്പോ സോപ്പ്ലായനി യോ ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുക. വളർത്തുമൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക.നമ്മൾ കഴിക്കുന്ന ഭക്ഷണം നല്ലതാപത്തിൽ വേവിച്ചതാണ് എന്ന് ഉറപ്പ് വരുത്തുക. അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക ആവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങുക, വേണ്ടത്ര അകലം പാലിക്കുക, വിരലുകൾ കൊണ്ട് മൂക്കിലോ വായിലോ, കണ്ണിലോ സ്പർശിക്കാതിരിക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, തൊണ്ട വരളാ തെ ശ്രദ്ധിക്കുക, എപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. രോഗബാധിതരെ ഒറ്റപെടുത്തുവാനോ കുറ്റപെടുത്തുവാനോ ശ്രമിക്കരുത് അവർക്ക് പരിചരണം മാത്രമാണ് ആവശ്യം. രോഗം മാത്രമാണ് നമ്മുടെ ശത്രു കൊറോണയെ തുരത്താൻ നമ്മൾ പ്രതിജ്ഞാ ബന്ധനാണ് അതിനായി നമുക്ക് ഒന്നിച്ച് കൈകോർക്കാം.

Sunday 5 April 2020

മഴ

മഴ
ചിൽ ചിൽ നാദത്തിൽ താളം ചവിട്ടിയ പുൽചെടികൾ....
കാൽ ചിലങ്ക കെട്ടിയാടിയ കിളികൾ...
മരച്ചില്ലയിൽ നിന്നും ഊഴ്ന്ന് വീണ ഇലകൾ ...
നനഞ്ഞ മാറിടത്തിൽ ഇറ്റുവീണ മഴ തുള്ളികൾ...
മണ്ണിനെ ചുംബിച്ച പ്രകൃതി തൻ ആനന്ദ കണ്ണീർ...
ചിൽ ചിൽ നാദത്തിൽ താളം ചവിട്ടിയ പുൽചെടികൾ...
കാൽ ചിലങ്ക കെട്ടിയാടിയ കിളികൾ...
മരച്ചില്ലയിൽ നിന്നും ഊഴ്ന്ന് വീണ ഇലകൾ...
നനഞ്ഞ മറിടത്തിൽ ഇറ്റുവീണ മഴത്തുള്ളികൾ...
മണ്ണിനെ ചുംബിച്ച പ്രകൃതി തൻ ആനന്ദ കണ്ണീർ...
കാലം ആശിച്ച മഴയേ കണ്ടാസ്വദിച്ച വേനൽ തുമ്പികൾ...
ചിറകൊടിഞ്ഞു ജീവൻ വെടിഞ്ഞു നാടിനും മണ്ണിനും നനവ് നല്കി...
പെയ്യുന്ന മഴയേ തടുക്കാൻ തീർത്ത കവചങ്ങൾ നാടിനെ വരൾച്ചയിലാഴ്ത്തി...
എല്ലാം ചെയ്തിട്ടും പെയ്യാത്ത മഴക്കായ് കരയുന്ന വിഡ്ഢികൾ...
പൊഴിയുന്ന ഇലകളിൽ ഇറ്റുവീണ മഴത്തുള്ളികൾ കൂട്ടിയ്ക്കണക്കാൻ നെട്ടോട്ടമോടി...
ഇനിയും അണയാത്ത വരൾച്ചയിൽ പ്രകൃതിയും ഉണങ്ങി വരണ്ടു...
നാളേക്കു വേണ്ടി കരുതാൻ വെച്ചു നീട്ടിയ പുൽതകിടുകൾ ഓരോന്നായി കൊഴിഞ്ഞു വീണു...
മണ്ണിൽ ചിൽ ചിൽ നാദത്തിൽ താളം ചവിട്ടിയ പുൽകൊടികൾ ഓർമ്മയിൽ മറഞ്ഞു പോയി...
നാളേക്ക് കാണാൻ തേച്ചുമിനുക്കിയ കെട്ടിടങ്ങൾ മാത്രമായ്...
കരയുന്ന മണ്ണിനെ തേച്ചുമിനുക്കി കൂടിലടച്ചു നമ്മൾ...


Saturday 4 April 2020

അവധിക്കാലം

അവധിക്കാലം
    അവധിക്കാലം എന്ന് പറയുമ്പോൾ തന്നെ പല -പല രൂപങ്ങളാണ്  നമ്മുക്ക് ഓർമ്മ വരുക. വിനോദയാത്ര, മാങ്ങപറിക്കൽ, മുത്തച്ഛനോടും മുത്തശ്ശിയോടും കൂടിയുള്ള കഥ  പറയൽ,... അങ്ങനെ -അങ്ങനെ ഒരുപാട് ചിത്രങ്ങളാണ് നമ്മുക്ക് ഓർമ്മ വരുക. സത്യത്തിൽ അവധിക്കാലം എന്നത് ഒരു ഉത്സവമാണ്. ആ ദിവസങ്ങളിൽ നമ്മൾ നമ്മളെക്കുറിച്ചോ നമ്മുടെ വീടിനെക്കുറിച്ചോ ഒന്നും തന്നെ ആലോചിക്കില്ല "ആ രണ്ട്  മാസക്കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത് എന്ന് ഓരോ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകും...." 

    എന്നാൽ ഈ വർഷത്തെ അവധിക്കാലം നമ്മുടെയെല്ലാം  സ്വപ്നങ്ങളെ  തകിടം മറിച്ചാണ് കടന്നു പോകുന്നത്. കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുകയും ആളുകൾ പരസ്പരം കണ്ടുമുട്ടുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്തതോടെ നമ്മൾ ഓരോരുത്തരും സ്വന്തം വീടുകളിൽ അടച്ചുപൂട്ടിയിരിക്കേണ്ടതായി വന്നു. അങ്ങനെ നമ്മുടെ അവധിക്കാല സ്വപ്‌നങ്ങൾ നമ്മുടെ നല്ല ഓർമ്മകളിലൊന്നായി മാറി. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ അവധിക്കാല ക്യാമ്പുകൾക്കും കോഴ്സുകൾക്കുമെല്ലാം സ്കൂളിനൊപ്പം അവധിയാണ്. 
   എങ്കിലും ചില അദ്ധ്യാപകർ സോഷ്യൽ മീഡിയ വഴി കുട്ടികളുടെ കഴിവിനെയും അറിവിനെയും വികസിപ്പിക്കുകയാണിവിടെ. ഇപ്രകാരമുള്ള മാതൃകയായ അദ്ധ്യാപകർ നമുക്ക്ചുറ്റും ഉള്ളിടത്തോളം കാലം നമ്മുടെ കുട്ടികൾ ഒരിക്കലും വഴിപിഴച്ചുപോവുകയില്ല. അതുപോലെ ഈ സാഹചര്യത്തിൽ നമുക്കുവേണ്ടി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളെ സംരക്ഷിക്കുകയാണവർ. എങ്കിലും നമ്മൾ ആരും തന്നെ അതിനെക്കുറിച്ച് ഓർക്കാറ് പോലുമില്ല. അതുകൊണ്ടുതന്നെ ഗവൺമെന്റിന്റെ  നിർദ്ദേശങ്ങൾ അനുസ്സരിക്കുകയും വൃത്തി കൈവിടാതിരിക്കുകയും ചെയ്യുക. അങ്ങനെ ഈ വർഷത്തെ അവധിക്കാലം പ്രാർത്ഥനയിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും നമുക്ക് കഴിച്ച് കൂട്ടാം.......


Friday 3 April 2020

തോരാതെ പെയ്യുന്ന മഹാമാരി

തോരാതെ പെയ്യുന്ന മഹാമാരി
   ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ മുന്നറിവില്ലാത്ത ന്യുമോണിയ രോഗ ബാധ കാണുന്നതായി 2019ഡിസംബർ 31ന് ചൈനയിലെ ഭരണകൂടം ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ചൈനീസ് ഗവേഷകർ രോഗകാരണമായ വൈറസ് ഒരു നൂതന കൊറോണ വൈറസ് ആണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയതായി ലോകാരോഗ്യ സംഘടന 2020ജനുവരി 9ന് കുറിപ്പിലൂടെ അറിയിച്ചു. 2020മാർച്ച് മാസം 20തിയ്യതി വരെ ഏതാണ്ട് 6000ത്തിൽ അധികം  കോവിഡ് -19 മരണങ്ങൾ ലോകത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ലോക്ക് ഡൌൺ, നിരോധനാജ്ഞ, വിമാന താവള പരിശോധനകൾ, സംസർഗം വിലക്കൽ, സാമൂഹിക അകലം തുടങ്ങിയവ ഇതിന്റെ ആവശ്യകത ആയി മാറിയിരിക്കുന്നു.
   ലോകാരോഗ്യ സംഘടന കോവിഡ് -19ഒരു മഹാമാരി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് -19ബാധിച്ച ഒരു രോഗി പനി, മൂക്കൊലിപ്പ്, ശ്വാസ തടസ്സം എന്നീ രോഗലക്ഷണങ്ങൾ രണ്ടു മുതൽ പതിനാല് ദിവസത്തിനുള്ളിൽ പ്രകടിപ്പിക്കും. പ്രാഥമികമായി ഈ രോഗം പരക്കുന്നത് രോഗി തുമ്മുമ്പോഴും, ചുമക്കുമ്പോഴും വരുന്ന സ്രവത്തുള്ളികളിൽ കൂടിയാണ്. ഒരു വ്യക്തി അണു ബാധ ഉള്ള സ്ഥലത്തോ, വസ്തുവിലോ തൊട്ടതിനു ശേഷം തന്റെ മൂക്കിലോ, വായിലോ, കണ്ണുകളിലോ തൊടുകയാണെങ്കിൽ ആ വ്യക്തിക്ക് അണു ബാധ ലഭിച്ചേക്കാം.
   എല്ലാ പ്രായക്കാരെയും കോവിഡ് -19ബാധിക്കുമെങ്കിലും 80വയസ്സിനു മുകളിൽ പ്രായം മുള്ളവർക്കാണ് മരണ സാധ്യത ഏറെ എന്ന് ചൈനയിലെയും, ദക്ഷിണ കൊറിയയിലെയും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഹൃദയ സംബന്ധമായ അസുഖം ഉള്ളവരിലും, പ്രമേഹ രോഗികളിലും കോവിഡ് -19അണു ബാധ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ മരണ കാരണമായേക്കാം. അതുപോലെ ജോലിയിൽ നിന്ന് വിരമിച്ചവരിലും മരണ നിരക്ക് താരതമ്യേന ഉയർന്നു കാണപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് -19രോഗികളെ ചികിൽസിക്കാൻ ഗവേഷണാധിഷ്ഠിതമായ മരുന്നുകളൊന്നും ലഭ്യമല്ല. ഓരോ രോഗിയുടെയും പ്രത്ത്യേ ക സാഹചര്യം, രോഗ തീവ്രത എന്നിവ കണക്കിലെടുത്തു HIV വിരുദ്ധ (anti hiv)മരുന്നുകൾ ചികിത്സ ക്കായി കേന്ദ്ര ആരോഗ്യ മന്ത്രലയം ശുപാർശ ചെയ്തിട്ടുണ്ട്.
   രോഗ ബാധ തടയുന്നതിനുള്ള ഏറ്റവും നല്ലമാർഗം ഇടക്കിടെ സോപ്പ്‌, ഹാൻഡ് വാഷ് ഇതിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക എന്നതാണ്. WHO ഇതിനായി 7സ്റ്റെപ് ഹാൻഡ് വാഷിംഗ്‌ ടെക്‌നിക് നിർദ്ദേശിക്കുന്നു. കൂടാതെ സാനിറ്റിസിർ കൈ വൃത്തി യാക്കാൻ ഉപയോഗിക്കാവുന്നതാണ്. മുഖാവരണം ഉപയോഗിക്കുന്നത് കൊറോണ വൈറസ് പകർച്ച വ്യാധിയുടെ  വ്യാപനത്തെ തടയുന്നുണ്ട്. അടുത്തതായി സാമൂഹിക അകലം പാലിക്കൽ -തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുന്നവരിൽ നിന്ന് ഒരു മീറ്റർ ഏങ്കിലും അകലം പാലിക്കുക. കണ്ണിലും, മൂക്കിലും വായിലും ഇടക്കിടെ തൊടാതിരിക്കുക, ശ്വസന ശുചിത്വം പാലിക്കുക. പരമാവധി പൊതു സ്ഥലങ്ങളിലും, ആളുകൾ കൂടുന്ന സ്ഥലങ്ങളിലും പോകാതെ വീട്ടിൽ തന്നെ കഴിയുക. വീടും, പരിസരവും വൃത്തിയായി  സൂക്ഷിക്കുക.
   എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന ഒരു മഹാ ദുരന്തമായി കോവിഡ് -19മാറുന്ന ഈ സാഹചര്യത്തിൽ രോഗത്തെ അതിജീവിക്കാൻ സർക്കാർ നിർദ്ദേശപ്രകാരം സാമൂഹിക അകലം പാലിച്ചു ഒറ്റകെട്ടായി നമുക്ക് പ്രവർത്തിക്കാം.


Thursday 2 April 2020

അതിജീവനത്തിന്റെ വഴിയിൽ

അതിജീവനത്തിന്റെ വഴിയിൽ
നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും ഒരു നാൾ......
ഞാൻ വിശ്വസിക്കുന്നു...
എന്നുള്ളിനാളത്തിൽ
നമ്മൾ മുന്നേറും ഒരു നാൾ.....

കൈകൾ കഴുകേണം.....,
വൃത്തിയാവേണം.....,
റോഡിലിറങ്ങരുത് മനുഷ്യരേ......
കോറോണയെന്ന മാരക രോഗം..
നമ്മൾ തടയണം ഒന്നായി......,

കേരളമെന്നാ....
ദൈവത്തിൻ നാട്ടിൽ....
നമ്മൾ മുന്നേറും ഒരു നാൾ......,
പ്രളയം വന്നിട്ടും......,
നിപ്പ വന്നിട്ടും.......,
നമ്മൾ നേരിട്ടു അവയേ......

ഗവണമെന്റെന്നാ..... കേരളശക്തി.....
നമ്മൾക്കുവേണ്ടി ഉയർത്തീ..... 



Wednesday 1 April 2020

കൊറോണയെ സ്നേഹിച്ച ഡാനിയൽ

ഡാനിയൽ. അവനൊരു ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മുഴുകുടിയനായ അച്ഛൻ ഫ്രാൻസിസ്,കൂലിപ്പണി എടുക്കുന്ന അമ്മ ആലീസ്, 4ാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞനിയത്തി ലില്ലി ഇതാണ് അവൻ്റെ കുടുംബം. മറ്റു ബന്ധുക്കളാരും തിരിഞ്ഞുനോക്കുന്നില്ല. ഓല മേഞ്ഞ ചെറ്റക്കുടിലാണ് അവരുടെ ആകെ സ്വത്ത്. ഡാനിയൽ മിടുക്കനായ വിദ്യാർത്ഥിയാണ്. ക്ലാസിലെ എല്ലാ കുട്ടികളും സ്കൂൾ ഫീസ് കൊടുത്തുകഴിഞ്ഞു. പക്ഷേ പാവം ഡാനിക്ക് കൊടുക്കാൻ കാശില്ല. മാസങ്ങൾ കടന്നുപോയി. ടീച്ചർ "പറഞ്ഞു ഡാനി വേഗം ഫീസ് തരൂ". ..
അപ്പോൾ അവൻ ആലോചിച്ചത് എന്നും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് അച്ഛൻ മദ്യപിച്ച് വന്ന് അമ്മയെ അസഭ്യം പറയുകയും ഡാനിയെയും അനിയത്തിയെയും ഉപദ്രവിക്കുന്നതുമാണ്
രണ്ടു ദിവസം എങ്കിലും അച്ഛൻ കുടിക്കാതിരുന്നാൽ എനിക്ക് കൊടുക്കാൻ സ്കൂൾ ഫീസ് തികയുമായിരുന്നു. പക്ഷേ അച്ഛൻ പറഞ്ഞാൽ കേൾക്കില്ലല്ലോ. അവൻ ആത്മഗതം ചെയ്തു.
അന്നൊരുദിവസം അവൻ്റെ അടുത്ത സുഹൃത്തിന്റെ അച്ഛൻ മരിക്കയുണ്ടായി. തൻ്റെ അച്ഛൻ ക്രൂരനാണെങ്കിലും അവന് തന്റെ അച്ഛൻ മരിക്കുന്നത് ആലോചിക്കാൻ കൂടി വയ്യ.
ദിവസങ്ങൾ കഴിഞ്ഞുപോയി. കേരളത്തിൽ ഒരു പുതിയ വൈറസ് രോഗം കണ്ടുതുടങ്ങി. അതെ "കൊറോണ" ആദ്യം വലിയ കുഴപ്പമില്ലെന്ന് തോന്നിച്ച അത് ദിവസങ്ങൾക്കകം പെറ്റുപെരുകി. ഇതു ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിക്കയുണ്ടായി. കേരളസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പച്ചക്കറി കടകൾ, ചായക്കടകൾ, ബാർബർ ഷോപ്പുകൾ, ചെരിപ്പു കടകൾ, എല്ലാമടച്ചു. കൂടാതെ ബാറുകളും. ഡാനിയുടെ അച്ഛന് മദ്യം കിട്ടാതായി. അന്ന് ഡാനിക്ക് ഒാർമവെച്ചതിൽ ആദ്യമായി അവൻ്റെ അച്ഛൻ മദ്യം കഴിക്കാതെ വീട്ടിൽ വന്നിരിക്കുന്നു. അവർക്കാകെ സന്തോഷമായി പക്ഷേ അച്ഛൻ അവരോട് ഒന്നും പറയാതെ കട്ടിലിൽ കയറി കിടന്നു. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അച്ഛൻ തിണ്ണയിൽ വെറുതെയിരിക്കുന്നു. ഡാനി അടുത്തുവന്നപ്പോൾ ഒന്നു ചിരിച്ചു. തന്റെ സന്തോഷം പറയാൻ വാക്കുകളുണ്ടായിരുന്നില്ല. അന്ന് അച്ഛനെങ്ങോട്ടും പോയില്ല. ഞാനമ്മയോട് കാര്യം തിരക്കി.
അമ്മ പറഞ്ഞു : കൊറോണ എന്ന രോഗം കാരണമാണിത്. "ഇനിയച്ഛൻ കുറേക്കാലം ഇവിടെ തന്നെയുണ്ടാകുമോ? " കൊച്ചു ഡാനി ചോദിച്ചു. "തീർച്ചയായും" അവൻ സന്തോഷം കൊണ്ട് മതിമറന്നു.
പക്ഷേ പിറ്റെന്ന് നടന്ന സംഭവം ഡാനിയുടെ സന്തോഷത്തെ തട്ടിത്തെറിപ്പിച്ചു. അച്ഛൻ കട്ടിലിൽ കിടന്ന് വിറക്കുന്നു. ഒന്നും മിണ്ടുന്നില്ല. അമ്മ അലമുറയിട്ടു കരയുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അമ്മയ്ക്ക് ഡാനി ഒരു കടലാസ് തുണ്ട് കൊടുത്തു. പണ്ട് അവൻ റേഡിയോയിൽ കേട്ട് കുറിച്ചു വച്ച " വിമുക്തി " സംഘടനയുടെ നംപറാണത്. മദ്യാസക്തിയൊഴിവാക്കനുള്ളതാണത്. അമ്മ വേഗത്തിൽ വിളിച്ചു.
ഉടനെ ഒരു വലിയ വാൻ വന്നു. അതിൽനിന്ന് കുറച്ച് വെള്ള ഉടുപ്പിട്ട ചേട്ടന്മാർ വന്നിട്ട് അച്ഛനെ വണ്ടിയിലിട്ട് കൊണ്ടുപോയി. കൂടെ അമ്മയും പോയി.
ഡാനിയെയും അനിയത്തിയെയും അടുത്താണെങ്കിലും അടുപ്പമില്ലാത്ത അമ്മായിയുടെ വീട്ടിൽ ആക്കി. മുത്തശ്ശനെയും മുത്തശ്ശിയെയും പരിചരിച്ച് മടുത്ത അമ്മായിക്ക് അവരുടെ വരവ് തീരെ പിടിച്ചില്ല. അന്ന് രാത്രി ഉറങ്ങുബോൾ ഡാനി വിചാരിച്ചു: "മുൻപത്തെ വർഷത്തെ ഓശാനത്തിരുനാളിൽ ഞാനച്ഛൻ്റെ കയ്യിൽ പിടിച്ചു കുരുത്തോലയും പിടിച്ച് പള്ളിയുടെ പടിയിറങ്ങി. ഇന്ന് ഈ വർഷത്തെ ഓശാനത്തിരുനാൾ ദിവസം ഞാനമ്മായിയുടെ വീട്ടിൽ. ഹാാാ... നാളെ എന്താകുമോ എന്തോ. അച്ഛനെ അവർ എങ്ങനെയായിരിക്കും പരിചരിക്കുന്നുണ്ടാവുക. അച്ഛന് വേദനിക്കുന്നുണ്ടാകുമോ?
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അന്ന് ദുഃഖവെള്ളിദിവസവും അവന് ദുഃഖം തന്നെയായിരുന്നു. പിറ്റെന്ന് പാതിരാത്രിക്ക് അവരുടെ വീട്ടിലെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. അവർ വാതിൽ തുറന്നുനോക്കി. കാണുന്നത്. അച്ഛനും അമ്മയും. അതെ അച്ഛൻ്റെ രോഗം അവർ ചികിത്സിച്ചുമാറ്റിയിരിക്കുന്നു. പക്ഷേ അച്ഛൻ ഒന്നും മിണ്ടിയില്ല. ഡാനിയെയും ലില്ലിയെയും കൂട്ടി അവർ വീട്ടിലേക്ക് പോകാനൊരുങ്ങി. അപ്പോൾ അമ്മായിയുടെ മുഖം സന്തോഷത്താൽ വിടർന്നു. ലില്ലി നല്ല ഉറക്കത്തിലാണ്.
ഡാനി ഉണർന്നത് അച്ഛനെ ഓർത്തുകൊണ്ടാണ്. അച്ഛനെ അടുത്തൊന്നും കാണാത്തതു കൊണ്ട് അവൻ അമ്മയോട് ചോദിച്ചു. "അച്ഛൻ നമ്മുടെ പറമ്പ് കിളയ്ക്കുകയാണ്." അമ്മ പറഞ്ഞത് ഡാനിക്ക് വിശ്വസിക്കാനായില്ല. അവനങ്ങോട്ട് ചെന്നുനോക്കി. അവനെ അച്ഛൻ തഴുകി. എന്നിട്ട് ചോദിച്ചു : "മോനേ നാളെ ഈസ്റ്റർ അല്ലേ! കൊറോണ കാരണം പള്ളിയിൽ പോകാൻ പറ്റില്ല. പക്ഷേ നമുക്ക് നാളെ രാവിലെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാം." ഈ സന്തോഷം അവന് പറഞ്ഞറിയിക്കാൻ വാക്കുകളില്ലായിരുന്നു. അവനും അനിയത്തിയും സന്തോഷത്താൽ കോരിത്തരിച്ചു. അന്നവൻ നേരത്തെ ഉറങ്ങി. ഇത്രയും സന്തോഷമുള്ള രാത്രി അവനുണ്ടായിട്ടില്ല.
പിറ്റെന്ന് നേരത്തെ ഉണർന്നവർ പ്രാർത്ഥിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോൾ ആ കുഞ്ഞുമനസ്സ് വിചാരിച്ചു: ഈ ഈസ്റ്റർ ശരിക്കും എനിക്ക് ഉയിർത്തെഴുന്നേൽക്കലിൻ്റെ ഈസ്റ്റർ ആണ്. എനിക്ക് ഉറപ്പിച്ചു പറയാനാകും എല്ലാവർക്കും ഒരു നല്ല കാലം വരും. എന്റെ അച്ഛനെ ഇങ്ങനെയാക്കിയ കോവിഡിന് നന്ദി. നീ ബാറുകളടപ്പിച്ച് എന്റെ അച്ഛനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു. നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ ലോകത്തുതന്നെ നിന്നെ ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമേയുണ്ടാകൂ... ഡാനിയൽ ഫ്രാൻസിസ് ഡയറിയിൽ കുറിച്ചു. ഉറങ്ങാൻ കിടന്നു...