Thursday 29 March 2018

സംസ്ഥാന തല കാൻസർ ബോധവൽക്കരണ ആൽബം മത്സരത്തിൽ ദ്വാരക എ യു പി സ്കൂളിന് ഒന്നാം സ്ഥാനം


മാനന്തവാടി: കെ സി ബി സി ഹെൽത്ത് കമ്മീഷനും ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് നടത്തിയ സംസ്ഥാനതല  കാൻസർ ബോധവത്കരണ ആൽബം മത്സരത്തിൽ യു.പി വിഭാഗത്തിൽ ദ്വാരക എ യു പി സ്കൂൾ ഒന്നാം സ്ഥാനവും ക്വാഷ് അവാർഡും കരസ്ഥമാക്കി.
കാൻസറുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് 'കരുതൽ' എന്ന പേരിൽ അമ്പത് പേജുള്ള അൽമ്പം തയ്യാറാക്കിയത്. കുട്ടികളുടെ ഭാവനാശേഷി ഉണർത്തുകയും ഒരു ഗ്രൂപ്പായി കാൻസറിനെതിരെ പൊതുതാൻ പ്രചോദിപ്പിക്കുകയും ചെയ്യുക വഴി സമഗ്രമായ ഒരു അവബോധത്തിനുള്ള സാധ്യത തുറക്കുകയാണ് ഈ മത്സരം കൊണ്ട് ലക്ഷ്യമാക്കിയത്.
വിദ്യാർത്ഥികളായ കെ ഷാമില ഷെറിൻ, എം മുമ്പഷീറ, എം കെ  ആഫിൽ, എം എ മുഹമ്മദ് ഷാലു, കെ ദിൽഷ, എന്നിവരാണ് ആൽബം തയ്യാറാക്കിയത്. പ്രധാനാധ്യാപകൻ ഷാജി വർഗ്ഗീസ്, എം എസ് ദീപ്തി, സി. ഡോൻസി കെ തോമസ് എന്നിവർ നേത്യത്വം നൽകി.


Wednesday 28 March 2018

വേനൽ പച്ച ക്വിസ് മാനന്തവാടി ബ്ലോക്ക് തലം - L P വിഭാഗം ഒന്നാം സ്ഥാനം ദ്വാരക എ.യു.പി സ്കൂൾ കരസ്ഥമാക്കി.


വേനൽ പച്ച ക്വിസ് ബ്ലോക്ക് തലം - L P വിഭാഗം ഒന്നാം സ്ഥാനം ദ്വാരക എ.യു.പി സ്കൂൾ കരസ്ഥമാക്കി. സ്കൂളിനെ  പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥികളായ ഷാൻലിയ, ക്രിസ്റ്റോ എന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്..

Sunday 25 March 2018

മലയാള മനോരമ നല്ലപാഠം പദ്ധതി- രണ്ടാം സ്ഥാനം - വീണ്ടും വാർത്തകളിൽ നിറഞ്ഞ് ദ്വാരക എ.യു.പി. സ്‌കൂൾ

നാടിനാകെ പുണ്യമേകി ദ്വാരക എ.യു.പി.സ്‌കൂൾ 
മാനന്തവാടി  :  മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സ്‌കൂളുകൾക്കായി മലയാള മനോരമ ആവിഷ്കരിച്ച ‘നല്ലപാഠം’ പദ്ധതി പുരസ്കാരം  ജില്ലാതലത്തിൽ  ദ്വാരക എയുപി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു  (15,000 രൂപ).  ജിതേഷ് ജോസ്, ജോൺസൺ കുര്യാക്കോസ് (ദ്വാരക എ.യു.പി.എസ്),  എന്നിവർ മികച്ച അധ്യാപക കോഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് 5000 രൂപ വീതമാണു സമ്മാനം.
സർവശിക്ഷാ അഭിയാൻ മുൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. ഇ.പി.മോഹൻദാസ്, വയനാട് ഡയറ്റ് റിട്ട. സീനിയർ ലക്ചറർ മാത്യു സഖറിയ എന്നിവരാണ് വിധി നിർണയം നടത്തിയത്.

 സ്നേഹം, സഹകരണം, സേവനം എന്നിവയിലൂടെ വിദ്യാർഥികളിൽ നന്മയുടെ നല്ല മൂല്യങ്ങളെ വളർത്തിയാണ് മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ ദ്വാരക എയുപി സ്കൂൾ വയനാട്ടിലെ മികച്ച രണ്ടാമത്തെ വിദ്യാലയം ആയത്. സ്കൂൾ ആരംഭ ദിനത്തിൽ ഓർമമരം നൽകിയാണ് പുതിയ കുരുന്നുകളെ  വരവേറ്റത്. നല്ല ഭക്ഷണമാണ് ഏറ്റവും നല്ല മരുന്ന് എന്ന ആശയം വിദ്യാർഥികളിൽ എത്തിച്ച് ജൈവപച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം, പച്ചക്കറിച്ചന്ത, കുട്ടിക്കർഷക അവാർഡ്,

വിത്ത് ബാങ്ക്, നാടൻ വാഴത്തോപ്പ്, ഒൗഷധ സസ്യത്തോട്ടം തുടങ്ങിയ പദ്ധതികളും നടപ്പാക്കി. മേഖലകളായി തിരിച്ച് സ്കൂൾ നടത്തിയ പദ്ധതികളിൽ പുതുതലമുറയ്ക്ക് വായന ആസ്വാദിക്കാൻ അക്ഷരക്കളരി, അക്ഷര വെളിച്ചം, ചുമർപുസ്തക ശാല എന്നിവ നടത്തി.  പിറന്നാൾ ദിനത്തിൽ കാരുണ്യനിധിയിലേക്ക് സംഭാവനയും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. 

സ്നേഹ ബക്കറ്റും സമൂഹത്തിന് നന്മയുടെ പുതിയ കാഴ്ചയായി. രോഗികളെ സഹായിക്കാൻ രോഗി സഹായനിധിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്  പഠനോപകരണങ്ങളും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സ്നേഹകുടുക്കയും കുട്ടികൾ അവതരിപ്പിച്ചു.   വരും തലമുറയെ ലഹരി തീണ്ടാതെ സുരക്ഷിതരാക്കി മാറ്റാൻ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.

ആദിവാസി വിദ്യാർഥികളുടെ കെ‍ാഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പഠനത്തിൽ കൂടുതൽ താൽപര്യമുണ്ടാക്കാനും  പഠന വീട് പദ്ധതി നടത്തി. ഹൈടെക് ക്ലാസ് റൂം പദ്ധതി, കാൻസറിനെതിരെ കയ്യെഴുത്ത് മാസിക തുടങ്ങിയ നന്മയുടെ നിരവധി പ്രവർത്തനങ്ങൾ നല്ലപാഠത്തിലൂടെ  നടത്തിയാണ് ദ്വാരക എയുപി സ്കൂൾ രണ്ടാംസ്ഥാനത്ത് എത്തിയത്.   
 ദ്വാരക എ.യു.പി സ്‌കൂളിലെ  നല്ലപാഠം അധ്യാപക കോ–ഓർഡിനേറ്റർമാർമാരായജിതേഷ് ജോസ്, ജോൺസൺ കുര്യാക്കോസ് എന്നിവർ .




മലയാള മനോരമ പത്രത്തിൽ  നിന്നുള്ള വാർത്ത(മെയിൻ) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday 24 March 2018

ദ്വാരക എ.യു.പി സ്കൂളിൽ നിന്നും ലഭ്യമാകുന്ന 101 സേവനങ്ങൾ

ദ്വാരക എ.യു.പി സ്കൂളിൽ നിന്നും ലഭ്യമാകുന്ന 101 സേവനങ്ങൾ


വിവിധ മേഖലകളിലായി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്ന ദ്വാരക എ.യു.പി സ്കൂളിന്റെ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി ചേർക്കപ്പെടുകയാണ്....

വയനാട് ജില്ലയിലെ CBSE സ്കൂളുകൾ ഉൾപ്പടെയുള്ള ഒട്ടനവധി വിദ്യാലയങ്ങളെ മറികടന്ന് 2017-18 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ലപാഠം പുരസ്കാരം - രണ്ടാം സ്ഥാനം ദ്വാരക എ.യു.പി സ്കൂൾ നേടിയെടുത്തിരിക്കുകയാണ് ....

65 വർഷത്തെ സേവന പ്രതിബദ്ധതയോടെ നന്മയുടെ സമൂഹമായി തലമുറകളെ വാർത്തെടുക്കുന്ന ദ്വാരക എ.യു.പി സ്കൂൾ മികച്ച ഭൗതീക സാഹചര്യങ്ങൾക്ക് പുറമേ നിരവധി അക്കാദമിക- കലാകായിക സൗകര്യങ്ങളും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. പൊതുവിദ്യാലയമായ നമ്മുടെ ഈ വിദ്യാലയത്തിൽ നിന്നും ലഭ്യമാകുന്ന ഏതാനും ചില സേവനങ്ങൾ

🎓1) ഹൈ-ടെക് ക്ലാസ്സ് മുറികൾ

🎓2) ഭാഷാ ശേഷികൾ കൈവരിക്കുന്നതിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വൈകിട്ട് 3:45 മുതൽ 4:30 വരെ ക്ലാസ്സ് സമയത്തിനു ശേഷം അധ്യാപകർ നൽകുന്ന അക്ഷരവെളിച്ചം പരിശീലന പരിപാടി.

🎓3) വിവിധ മേഖലകളിലെ പ്രതിഭകളെ തിരിച്ചറിയാനും വളർത്താനും അവധി ദിനങ്ങളിൽ വിദഗ്ദ അധ്യാപകർ ദ്വാരക എ.യു.പി സ്കൂളിൽ വച്ച് നല്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രം ക്ലാസ്സുകൾ

🎓4) യാത്രാ സുരക്ഷയ്ക്കും - കുട്ടികളെ ബസ് കയറ്റി വിടുന്നതിനും വൈകുന്നേരങ്ങളിൽ അധിക ചുമതല വഹിക്കുന്ന അധ്യാപകർ

🎓5) സ്കൂൾ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ dwarakaaups.blogspot.com ബ്ലോഗ്

🎓6) സ്കൂളിന് സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ (Dwaraka A U P S)

🎓7) ICSE,CBSE സ്കൂളുകളോട് കിടപിടിക്കുന്ന തരത്തിൽ ഉന്നത നിലവാരമുള്ള സ്പോർട്സ് യൂണിഫോം (ഹൗസ് അടിസ്ഥാനത്തിൽ ബുധനാഴ്‌ചകളിൽ ധരിക്കുവാൻ)

🎓8) എല്ലാ വിദ്യാർത്ഥികൾക്കും ഫോട്ടോ ഐ.ഡി കാർഡ്

🎓9) എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ ഫോൺ നമ്പറടക്കം സ്കുളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ സ്കൂൾ ഡയറി

📚10) ശക്തമായ മനേജമെന്റ് - വിഷയാടിസ്ഥാനത്തിലുള്ള എഴുത്തു പരീക്ഷ, I T പരീക്ഷ , ഇന്റർവ്യൂ എന്നിവയിലൂടെ തീർത്തും സുതാര്യമായി ഏറ്റവും മിടുക്കരെ കണ്ടെത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നടത്തുന്ന അധ്യാപന നിയമനം

📚11) ഏതെങ്കിലും അധ്യാപകർ അവധിയിൽ പ്രവേശിച്ചാൽ അധ്യയനം തടസ്സപ്പെടാതിരിക്കുവാൻ ഉടനടി കോർപ്പറേറ്റ് പൂൾ ലിസ്റ്റിൽ നിന്നും നിയമിക്കുന്ന അധ്യാപകർ

📚12) എടവക ഗ്രാമ പഞ്ചായത്തിന്റെ നിരന്തര സഹകരണവും , മോണിറ്ററിംഗും

📚13) ഈ വിദ്യാലയത്തിലേയും സമീപമുള്ള മറ്റ് വിദ്യാലയങ്ങളിലെയും അധ്യാപകരെല്ലാം ഒരുമിച്ചിരുന്ന് പഠനപ്രവർത്തനങ്ങൾ ആസുത്രണം ചെയ്യുന്ന ക്ലസ്റ്റർ വിദ്യാലയമാണ് ദ്വാരക എ.യു.പി സ്കൂൾ

📚14) വിദ്യാർത്ഥികൾക്കായി കൗൺസലിഗ് സൗകര്യം

📚15) കുട്ടികളിലെ മികച്ച കർഷകനെ കണ്ടെത്തി നല്കുന്ന സ്കൂൾ - കുട്ടി കർഷക അവാർഡ്

📚16) വിഷരഹിത പച്ചക്കറികൾ വാങ്ങാനും, വിൽക്കാനും, കൃഷി ചെയ്യാനും സ്കൂൾ പച്ചക്കറി മാർക്കറ്റ്

📚17) വൈകുന്നേരങ്ങളിൽ കായികാധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്ന ഫുഡ്ബോൾ പരിശീലനം

📚18) communication English skill വർദ്ദിപ്പിക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി

📚19) ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കായി IT പരിശീലനം കളിപ്പെട്ടി

20) മലയാള ഭാഷാ ശേഷികൾക്കായി മലയാള തിളക്കം

21)GK വർദ്ധിപ്പിക്കുവാൻ പ്രതിവാര പത്രവാർത്താ ക്വിസ്

22) സംസ്ഥാന തലത്തിൽ വരെ പങ്കെടുക്കാവുന്ന ദേശ ജ്യോതി ക്വിസ് മത്സരം

23)നല്ല പാഠം, DCL എന്നിങ്ങനെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ക്ലബുകളിൽ അവസരം

24)പ്രകൃതിയുമായി ഇണങ്ങി ചേരാൻ വേനൽ പച്ച പ്രോഗ്രാം

25) സന്മാർഗ പഠന ക്ലാസുകൾ

26) ആരോഗ്യ വകുപ്പ് നിയമിച്ചിട്ടുള്ള നേഴ്സിന്റെ സേവനം

27) യഥാസമയം സൗജന്യമായി നൽകുന്ന വാക്സി നേഷൻ

28) ആരോഗ്യ പരിരക്ഷ ഉറപ്പിക്കുന്നതിന് സൗജന്യമായി വിതരണം ചെയ്യുന്ന വിരഗുളിക, അയൺ ഗുളിക എന്നിവ

29) ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ

📖30) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സമ്പൂർണ്ണ വിവരങ്ങളുമടങ്ങിയ sampoorna വെബ് പോർട്ടൽ

📖31) ഗോത്ര വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ പ്രത്യേകം മെൻറർ ടീച്ചർ

📖32)ST കുട്ടികൾക്കായി വാഹന സൗകര്യമൊരുക്കിയ ഗോത്ര സാരഥി പദ്ധതി

📖33)SC , ST കുട്ടികൾക്കായി പ്രഭാത ഭക്ഷണം

📖34)ST കുട്ടികൾക്കായി അവരുടെ കോളനിയിൽ തന്നെ വൈകുന്നേരങ്ങളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന പഠനവീട്

📖35) അധ്യയന വർഷാരംഭത്തിൽ ST കുട്ടികൾക്കായി സൗജ്യ ന്യമായി ബാഗ്, കുട, ബോക്സ്, നോട്ടുബുക്കുകൾ, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നു.

📖36) സീറോ ഡ്രോപ്പ് ഔട്ട് ഉറപ്പിക്കാൻ നോഡൽ ഓഫീസർ ചാർജ്ജുള്ള അധ്യാപികയുടെയും ST പ്രൊമോട്ടർമാരുടെയും സേവനം

📖37) BRL, CRC എന്നിവിടങ്ങളിൽ നിന്നും കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ

📖38) പഞ്ചായത്ത് തല കായിക മത്സരങ്ങൾ നടത്തുന്ന വിശാലമായ ഗ്രൗണ്ട്

📖39) സൗജന്യ ടെക്സ്റ്റ് പുസ്തകം

📝40) സൗജന്യ യൂനിഫോം

📝41) ഉച്ചഭക്ഷണം

📝42) പാൽ

📝43)) മുട്ട | പഴം

📝44) സ്പെഷ്യൽ അരി

📝45) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം

📝46 ) സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

📝47) ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

📝48) സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള

📝49) LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം

🏅50) UP തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവസരം

🏅51) മലയാളം II പഠനം ഉറപ്പു വരുത്തുന്നു

🏅52) 5ാം ക്ലാസ്സ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം

🏅53) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ

🏅54) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ

🏅55 ) വിദ്യാരംഗം കലോത്സവം

🏅56) കലാവാസനകൾ പ്രോത്സാഹിപ്പിക്കുവാൻ എല്ലാ വെള്ളിയാഴ്ചകളിലും സർഗവേള

🏅57) LP തലത്തിൽ LS S സ്കോളർഷിപ്പ്

🏅58) LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്

🏅59 ) യു പി തലത്തിൽ USS സ്കോളർഷിപ്പ്


🚸60) യു പി തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്


🚸61) DCL സ്കോളർഷിപ്പുകൾ


🚸62) സുഗമ ഹിന്ദി പരീക്ഷ


🚸63) ന്യൂമാൻസ് ഗണിതം പരീക്ഷ


🚸64) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ്


🚸65) ഹിന്ദു OBC സ്കോളർഷിപ്പ്

🚸66) ഹിന്ദു OEC സ്കോളർഷിപ്പ്

🚸67 ) ഇൻസ്പയർ അവാർഡ്

🚸68 ) SC /ST ലംസന്റ് ഗ്രാന്റ്

🚸69) SC ST വിഭാഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനായി LP UP തലത്തിൽ 2000 രൂപ ഗ്രാൻറ്

🎒70) മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്നേഹപൂർവ്വം ധനസഹായം

🎒71) വിവിധ മത്സര പരീക്ഷകൾ

🎒72) വിവിധ ദിനാചരണങ്ങൾ

🎒73 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ

🎒74) കമ്പ്യൂട്ടർ പഠനം - .ടി മേളകൾ , മത്സരങ്ങൾ

🎒75) വിവിധ ക്യാമ്പുകൾ

🎒76) വിദ്യാരംഗം, ദേശീയ ഹരിത സേന , സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ

🎒77) ശക്തമായ PTA

🎒78) മദർ PTA

🎒79) പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സഹകരണം

80) ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും

81 ) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും

82) ഇടക്കിടക്കുള്ള അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനങ്ങൾ അവധിക്കാല പരിശിലനങ്ങൾ

83) അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം

84) TTC
      BED
     കെ ടെറ്റ്
     സെറ്റ്
     മുതലായ വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു

85) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകൻ പോലും സർക്കാർ ശംബളം വാങ്ങി പഠിപ്പിക്കുന്നില്ല

86) സ്പെഷ്യൽ ഫീസ് ഇല്ല

87) ട്യൂഷൻ ഫീസ് ഇല്ല

88) അഡ്മിഷൻ ഫീസ് ഇല്ല

89 ) ഡോനേഷൻ ഇല്ല

🔬90) പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം

🔬91) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം

🔬92) വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം

🔬93 ) എസ് പി സി

🔬94)ബുൾ ബുൾ

🔬95)സ്കൗട്ട് & ഗൈഡ്

🔬96)ജൂനിയർ റെഡ് ക്രോസ്സ്

🔬97)കുട്ടികൾക്കായി ശിശു സൗഹൃദ പാര്‍ക്ക്

🔬98) എല്ലാ ക്ലാസ്സ് മുറികളിലും അനൗൺസ്മെന്റിനായി സ്പീക്കർ സിസ്റ്റം

🔬99)റഫറന്‍സ് പുസ്തകങ്ങളുടെ വലിയ ശേഖരമുള്ള സ്കൂൾ ലൈബ്രറി

📖100) കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങളുമായി അവരുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ ഓരോ ക്ലാസ്സ് മുറികളിലും പ്രത്യേകം ക്ലാസ്സ് ലൈബ്രറി


🎼101) സർവ്വോപരി ശിശുസൗഹൃദപരമായ വിദ്യാലയാന്തരീക്ഷം


സമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒരു പൊതു വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം ! സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ മാനന്തവാടി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ദ്വാരക എ.യു.പി സ്കൂൾ കുടുംബത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.


Friday 23 March 2018

Dwaraka AUPS മൊബൈൽ ആപ്ലിക്കേഷൻ - മലയാള മനോരമയിൽ വന്ന വാർത്ത




Click here for user guide

DwarakaAUPS ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക(app version 2.0)  


പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അറിയിപ്പുകൾ -അക്കാദമിക ന്യൂസുകൾ - സർവ്വീസ് സംബന്ധമായ ഗവ. ഓർഡറുകൾ  എന്നിവയെല്ലാം തത്സമയം നോട്ടിഫിക്കേഷനായി  ലഭിക്കുവാൻ ആപ്പിലെ explore മെനുവിലെ  feed  എന്നിടത്ത് (രണ്ടാമത്തെ ടാബ് )താഴെ നൽകിയ ലിങ്ക്(URL) കോപ്പി പേസ്റ്റ് ചെയ്യുക search ൽ ക്ലിക്ക് ചെയ്യുക .ടിക് നൽകുക.

schoolappnews.blogspot.in






Tuesday 20 March 2018

സ്‌കൂൾ തല ഫുട്‌ബോൾ മത്സര വിജയികൾ


ദ്വാരക എ.യു.പി സ്‌കൂളിൽ വച്ച് നടത്തിയ ഫുട്‌ബോൾ മാച്ചിൽ വിജയികളായവർ കായികാധ്യാപകൻ ജോൺസൺ  പി .ജെ സാറിനൊപ്പം 

ഫസ്റ്റ് നേടിയ ടീം 

സെക്കന്റ് നേടിയ ടീം 

Monday 12 March 2018

ഡി.സി.എൽ ഐ.ക്യു. നാഷണൽ ലെവൽ സ്കോളർഷിപ്പ്- ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥിക്ക് ആറാം റാങ്ക്

ഡി.സി.എൽ. ഐ.ക്യു നാഷണൽ ലെവൽ സ്കോളർഷിപ്പിൽ ദ്വാരക എ യു പി സ്കൂൾ മൂന്നാം ക്ലാസ്  വിദ്യാർത്ഥിയായ മാസ്റ്റർ നിർമ്മൽ മാത്യു കെ.എസ് ആറാം റാങ്ക് കരസ്ഥമാക്കി. ദ്വാരക എ.യു.പി സ്കൂൾ സ്റ്റാഫായ ശ്രീ. ഷിൽസൺ മാത്യു കോക്കണ്ടത്തിൽ -ന്റെയും പ്രിയ യുടെയും മകനായ നിർമ്മൽ ഈ വർഷം വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജൻസികളും നടത്തിയ മറ്റ്  നിരവധി ക്വിസ് മത്സരങ്ങളിലും സമ്മാനാർഹനാണ്. ഈ കൊച്ചു മിടുക്കന് ദ്വാരക സ്കൂൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ


Monday 5 March 2018

ദ്വാരക എ.യു.പി സ്കൂൾ - 2017-18 അക്കാദമിക വർഷ- വാർഷിക റിപ്പോർട്ട്

സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച - വീഡിയോ റിപ്പോർട്ട്


                                             
വാർഷിക റിപ്പോർട്ട് 2017-18
ദ്വാരക എ.യു.പ്പി സ്കൂൾ  

സഹൃദയരെ ,
        നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷരചൈതന്യം പകർന്നു നൽകുന്ന ദ്വാരക എ.യു.പി. സ്‌കൂളിന്റെ 65 ആം വാർഷികവും, രക്ഷാകർതൃ ദിനവും , സർവീസിൽ നിന്ന്  വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ ശ്രീ.ഷാജി വർഗീസ് , ശ്രീ. പി.ഡി .ജോസഫ് സാർ , സി.മേരി കെ മാത്യു SABS , ശ്രീമതി ആഗ്നസ് ജോൺ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ ഈ അധ്യായന വർഷത്തെ പ്രവർത്തന റിപ്പോർട്ട് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

വിദ്യാലയ ചരിത്രം

        1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

വിദ്യാലയം ഇന്ന്

റവ: ഫാദർ ജോസ് തേക്കനാടി മാനേജരായും , ശ്രീ.ഷാജി വർഗീസ് സാർ  പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 34 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു.   എൽ.പി , യു.പി വിഭാഗങ്ങളിലായി 1200 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉറുദു സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ 583 കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച ശ്രീമതി മോണിക്ക ടീച്ചർ,ശ്രീമതി. ഫിലോമിന ടീച്ചർ , സിസ്റ്റർ മേരിക്കുട്ടി ,സ്ഥാനക്കയറ്റം ലഭിച്ച പ്രീയങ്ക ടീച്ചർ , സജി സാർ , സ്ഥലം മാറ്റം ലഭിച്ച മേഴ്‌സി ടീച്ചർ എന്നിവർക്ക് പകരം ജിഷ ടീച്ചർ, ദീപ്തി ടീച്ചർ, സിസ്റ്റർ ക്രിസ്റ്റീന , മേബിൾ പോൾ,യൂസഫ് സാർ,ജിതേഷ് സാർ, എന്നിവർ ഈ അധ്യയന വാർഷാദ്യം നിയമിക്കപ്പെട്ടു.

        2017 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ , പി.റ്റി..  , വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. സ്‌കൂൾ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചാനയിച്ചു.

പി.റ്റി.എ.  :-

        വിദ്യാലയത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും പി.റ്റി.. യുടെ ഭാഗത്തുനിന്ന് ലഭിച്ചുവരുന്നു. ഈ വർഷം ശ്രീ. നാസർ കീപ്രത്ത് പ്രസിഡന്റായും , ശ്രീമതി. ഷീജ മാത്യു എം.പി.റ്റി  എ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

        ഈ വർഷം നാല് ക്ലാസ്സ് മുറികൾ അത്യാധുനിക സൗകര്യത്തോടു കൂടിയ ഹൈ-ടെക് ക്ലാസ് റൂമുകളാക്കി മാറ്റാൻ കഴിഞ്ഞു. ഈ മികവ് പ്രവർത്തനത്തിലൂടെ വയനാട് ജില്ലയിലെ ആദ്യത്തെ ഹൈ-ടെക് ക്ലാസ് റൂം പ്രൈമറി വിദ്യാലയമായി  ദ്വാരക എ.യു.പി സ്‌കൂൾ മാറി. ഇതിന് സഹായിച്ച എല്ലാവരെയും ഏറെ ആത്മാർത്ഥമായ നന്ദിയോടെ സ്മരിക്കുന്നു.

അക്ഷര വെളിച്ചം പദ്ധതി:

        വിദ്യാലയത്തിന്റെ മികവ് പ്രവർത്തനങ്ങളിൽ ഏറെ പിന്തുണ ലഭിച്ച പ്രവർത്തനമാണിത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എസ്.റ്റി  വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3 :45 മുതൽ 4:30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. ഏഴാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികൾക്കും ലേഖന, വായന ശേഷിയിൽ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. എസ്.റ്റി  വിഭാഗം കുട്ടികൾക്ക് പഞ്ചായത്ത് നിയമിച്ച ടീച്ചർ പരിശീലനം നൽകി വരുന്നു. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ‘വിജയ ജ്യോതി’ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. എൽ.എസ്.എസ് , യു.എസ്,എസ്  പരീക്ഷകൾക്കായി നാല്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് ഇതിലൂടെ പരിശീലനം ലഭിക്കുന്നു. 2016-2017 അധ്യയന വർഷം നാല് എൽ.എസ്.എസ് ഉം ഒരു യു.എസ്.എസ് ഉം നേടാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. യു.എസ്.എസ് പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി അഫീഫ തസ്‌നിം ദ്വാരക എ.യു.പി. സ്‌കൂളിന്റെ അക്കാദമിക മികവുയർത്തി.

ക്ലബുകൾ :-

        ബുൾ ബുൾ യുണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, നല്ല പാഠം യൂണിറ്റ് തുടങ്ങി 15 ഓളം ക്ലബുകൾ വിദ്യാലയത്തിന്റെ ജീവ നാഡികളായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ക്ളബ്ബുകൾ സജീവമാണ്. ദിനാചരണ സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഓരോ ക്ലബ്ബകളും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ദിപ്പിക്കുന്നതിനും വായനാശേഷി വർദ്ദിപ്പിക്കുന്നതിനും വായനാ ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്.
        വിവിധ ക്വിസ് മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തി. എൽ.പി. വിഭാഗത്തിൽ ക്രിസ്റ്റോ കെ.എസ് , നിർമൽ മാത്യു എന്നിവർ ജില്ലാതല വിജയികളായി. ഈ വർഷം ഓണം, ക്രിസ്തുമസ്, ശിശുദിനം, അധ്യാപക ദിനം എന്നിവ പി.റ്റി..യുടെ നേത്ര്യത്വത്തിൽ വിപുലമായി നടത്തി. കുട്ടികളുടെ പ്രധാനമന്ത്രിയായി നിർമൽ മാത്യുവും , സ്പീക്കറായി മെറിൽ ബിൻ ഗ്രെയ്സും തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാന്റ് സെറ്റ് ട്രൂപ്പ്  എല്ലാ ആഘോഷങ്ങൾക്കും മാറ്റ് കൂട്ടൂന്നു. ഈ വർഷത്തെ സ്‌കൂൾ ലീഡറായി കുമാരി എയ്ഞ്ചലിന് സജിയും, ഡെപ്യൂട്ടി ലീഡറായി മാസ്റ്റർ അലൻ കെ.എസ് ഉം തെരഞ്ഞെടുക്കപ്പെട്ടു.

മേളകൾ നേട്ടങ്ങൾ ഈ വർഷം

        ഈ വർഷം  പഞ്ചായത്ത് തല അറബിക് മേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ രണ്ടാംസ്ഥാനവും നേടാൻ നമുക്ക് കഴിഞ്ഞു.  കൂടാതെ ഉപജില്ലാ കായികമേള, കലാമേള, സംസ്കൃതോത്സവം ,അറബിക് മേള വിവിധ ശാസ്ത്രമേളകൾ എന്നിവയിലും നമ്മുടെ കുട്ടികൾ മികവു പുലർത്തി . ജില്ലാ ഗണിത പൂക്കള മത്സരത്തിൽ മെറിൽ ബിൻ ഗ്രെയ്‌സ് ഒന്നാംസ്ഥാനം നേടി എൽപി വിഭാഗത്തിൽ കീർത്തനയും വിജയിയായി. ജില്ലാ സംസ്കൃതോത്സവത്തിൽ നിദാ ഫർഹത്ത് സമ്മാനാർഹയായി. ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ വിദ്യാലയം മൂന്നാം സ്ഥാനം നേടി. ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  അമേഗ്  ഷാജി രണ്ടാംസ്ഥാനം നേടി കായികപാരമ്പര്യത്തിന്റെ തുടർ കണ്ണിയായി. മാറ്റൊലി റേഡിയോ സ്റ്റേഷൻ നടത്തിയ വിവിധ പ്രസംഗം മത്സരങ്ങളിൽ എൽപി യുപി വിഭാഗങ്ങളിൽ
അയനാ സതീഷ് , എയ്ഞ്ചലിൻ സജി എന്നിവർ ഒന്നാം സ്ഥാനം നേടി.  ദീപിക ചിൽഡ്രൻസ് ലീഗിന്റെ  നേതൃത്വത്തിൽ നടത്തിയ പ്രവിശ്യാ തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ റണ്ണേഴ്സപ്പാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
യുപി വിഭാഗത്തിൽ നാലു കുട്ടികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് A  ഗ്രേഡിന് അർഹരായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 11 പേർ സ്കോളർഷിപ്പിന് അർഹരായി.  ന്യൂ മാത്‍സ് പരീക്ഷയിൽ മെറിൽ ബിൻ ഗ്രെയ്‌സ്   ആൽബിൻ സജി എന്നീ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കഥാരചനയിൽ ഹണി സാജു  ഒന്നാംസ്ഥാനം നേടി . അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.


ഡി.സി.എൽ  സ്കോളർഷിപ്പിൽ 240 വിദ്യാർഥികൾ വിജയികളായി 95 പേർ ഗോൾഡ് മെഡൽ നേടി ഏഴ് പേർ കാഷ്  അവാർഡിന് അർഹരായി. ദ്വാരക യുപി സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളമുയർത്തിയ പ്രതിഭകളെ അഭിമാനത്തോടെ സ്മരിക്കുന്നു.

ഹെൽപ്പ് ഡസ്ക് സന്മാർഗ പഠനം

        മാനവികതയുടെ ഈണവും താളവും തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ക്ലാസ്സുകളിൽ സന്മാർഗ പാഠം പഠിപ്പിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മുതിർന്ന  കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും നൽകിവരുന്നു.

ഈ അധ്യായന വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ

        ഈ വർഷം വിദ്യാഭ്യാസ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ബി.ആർ.സി.യുടെയും നേതൃത്വത്തിൽ നടന്ന ധാരാളം പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദിയായി.  ഉപജില്ലാ വാർത്ത വായനാ മത്സരം , വിവിധ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വൺ മില്യൻ ഗോൾ പ്രോഗ്രാം, മലയാളത്തിളക്കം, ശ്രദ്ധ പരിശീലനങ്ങൾ, ലഹരി വിരുദ്ധ സമിതിയുടെ വിമോചനയാത്ര സ്വീകരണം ,ഊർജ്ജ സംരക്ഷണ റാലി , ദേശ ജ്യോതി  പ്രശ്നോത്തിരി , പ്രാദേശിക പ്രതിഭാ  പരിശീലനം തുടങ്ങി  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നാം ആതിഥേയരായി.

സ്കൂൾ അസംബ്ലി

        അസംബ്ലി എല്ലാ ദിവസവും ഒമ്പതരയ്ക്ക് പ്രാർത്ഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു 9:45 മുതൽ 3:45 വരെയാണ് പഠനസമയം. ആഴ്ചയിൽ നാലുദിവസം അസംബ്ലി നടത്തുന്നു.  ബുധനാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തപ്പെടുന്നു. കുട്ടികളുടെ അച്ചടക്കം ശുചിത്വം സമയനിഷ്ഠ എന്നിവ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നിരീക്ഷിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു . ബുധനാഴ്ച എല്ലാ കുട്ടികളും സ്പോർട്സ് യൂണിഫോം ധരിച്ച എത്തുന്നത്  ആകർഷണീയമാണ് .
വേറിട്ട പ്രവർത്തനങ്ങൾ  

        വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾക്കും സമൂഹത്തിനും ഒട്ടേറെ ഗുണകരമായ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ മൂന്നുവർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും  നേടാൻ കഴിഞ്ഞു.  സമ്മാനത്തുകയായി 5000 രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന്  ലഭിച്ചു . നാവിൻ തുമ്പിലും പേനത്തുമ്പിലും  നന്മയുടെ നല്ലപാഠം രചിച്ച്  നമ്മുടെ കുട്ടികൾ മുന്നേറുകയാണ്.
        സ്നേഹ ബക്കറ്റ് , ജൈവപച്ചക്കറി കൃഷി,  പച്ചക്കറി ചന്ത ,വിത്ത് കൈമാറ്റം, കാരുണ്യ കുടുക്ക , ചികിത്സാസഹായം , ക്ളീൻ ക്യാമ്പസ്, ഹരിത വിദ്യാലയം, കാൻസറിനെതിരെ കരുതൽ, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജന്മദിന സമ്മാനം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു . ഈ വർഷത്തെ ഓണാഘോഷം എമ്മാവൂസ് വില്ലയിലെ  കുട്ടികളോടൊപ്പം നല്ലപാഠം പ്രവർത്തകർ നന്മയുടെ പൂക്കാലം ആക്കി മാറ്റി.

ജൈവപച്ചക്കറി വീട്ടിലും വിദ്യാലയത്തിലും

        വിദ്യാർത്ഥികൾ  ക്ലാസടിസ്ഥാനത്തിൽ സ്കൂൾ പരിസരത്ത് നിലമൊരുക്കി കൃഷിചെയ്തുവരുന്നു. ഇതിനാവശ്യമായ വിത്തുകൾ കുട്ടികൾ തന്നെ കൊണ്ടുവന്ന്  കൈമാറ്റം ചെയ്ത് നടുന്നു. ജൈവവളം മാത്രം ഉപയോഗിച്ച് ക്യാബേജ് ചീര , കോളിഫ്ലവർ , തക്കാളി, പയർ  എന്നിവ കൃഷി ചെയ്യുന്നു.  ആദ്യ വിളവെടുപ്പ് എടവക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ  വിജയൻ ഉദ്ഘാടനംചെയ്തു. പച്ചക്കറികൾ വിളവെടുക്കുന്നത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.  വീട്ടിൽ ഒരു അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നട്ടുനനച്ച് പരിപാലിച്ചു വരുന്നു . വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾ ആഴ്ച ചന്തയിലൂടെ വില്പന ചെയ്യുന്നു . രക്ഷിതാക്കൾ അടക്കം നിരവധി ആളുകൾ ചന്തയിലെത്തി പച്ചക്കറി വാങ്ങുന്നു . ഇതിന്റെ ഭാഗമായി മികച്ച കുട്ടിക്കർഷക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.മികച്ച കുട്ടികർഷകനായി അഭിനന്ദ് എം.എസ്. തിരഞ്ഞെടുക്കപ്പെട്ടു.   ജെയ്‌സൺ ജോസഫ്  , അക്ഷയ് ഗോപാൽ  എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി .  പച്ചക്കറി ചന്തയിലൂടെ  കുട്ടികൾ ഗണിതത്തിലെ  ചതുഷ്ക്രിയകൾ സ്വായത്തമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പഠനയാത്ര

        കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതാണ് പഠനയാത്രകൾ.  ഈ വർഷം  ജല കൗതുകങ്ങൾ നിറഞ്ഞ വിസ്മയ വാട്ടർ തീം പാർക്കിലേക്കായിരുന്നു പഠനയാത്ര.  60 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു .

കൈയെഴുത്തു മാസികകൾ

        കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി   ഈ വർഷം നിറക്കൂട്ട്, ഹരിതം, മഴവില്ല്  എന്നീ കൈയെഴുത്തു മാസികകൾ തയ്യാറാക്കി. ശാസ്ത്ര കൗതുകങ്ങൾ നിറഞ്ഞ ശാസ്ത്ര ദീപം മാസിക ശാസ്ത്രക്ലബ്ബ് തയ്യാറാക്കി. കൂടാതെ കാൻസറിനെതിരെ ബോധവത്കരണവുമായി തയ്യാറാക്കിയ  “കരുതൽ” മാഗസിൻ ജില്ലാ തലത്തിൽ ശ്രദ്ധ നേടി.

        ഈ അധ്യയന വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ , ബി.പി., ബി.ആർ.സി.കോ.ഓർഡിനേറ്റേഴ്‌സ് , നൂൺ മീൽ ഓഫീസർ, ഭാഷാ സ്‌പെഷ്യൽ ഓഫീസർ , കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും, വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ അസംബ്ലി , ക്ലാസ് ലൈബ്രറി, കുടിവെള്ള ഭക്ഷണ വിതരണം,അക്ഷര വെളിച്ചം പദ്ധതി പച്ചക്കറി ചന്ത, ഹൈ-ടെക് ക്ലാസ് റൂം എന്നിവ ഏറെ ശ്രദിക്കപ്പെട്ടു.

        ഭൗതീക അക്കാദമിക സൗകര്യങ്ങൾ മെച്ചപ്പെട്ട് ആറര പതിറ്റാണ്ട് പൂർത്തിയാക്കി വിദ്യാലയം ഇന്നിന്റെ പ്രൗഢിയിൽ എത്തി നിൽക്കുമ്പോൾ വിദ്യാലയത്തിനു വേണ്ടി പ്രയത്‌നിച്ച,  പ്രചോദനമേകിയ , ഒപ്പം നിന്ന എല്ലാ സുമനസുകളേയും , അവരുടെ സേവനങ്ങളേയും  നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ സംക്ഷിപ്ത റിപ്പോർട്ട് നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.