Wednesday 27 June 2018

നന്മയുടെ നല്ല മുഖവുമായി വീണ്ടും ദ്വാരക എ.യു.പി സ്കൂൾ മാതൃക

കളഞ്ഞുകിട്ടിയ 34000 രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ദ്വാരക എ.യു.പി സ്കൂൾ സ്റ്റാഫും, സ്കൂൾ നല്ലപാഠം ക്ലബ് മെമ്പറുമായ ശ്രീ.ഷിൽസൻ കോക്കണ്ടത്തിൽ സത്യസന്ധതയുടെ മാതൃകയായി.. 

ദ്വാരക ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ 34000 രൂപ ഉടമസ്ഥനായ മീനങ്ങാടി മണിവയൽ ബിജോയി- ക്ക് കൈമാറി

കഴിഞ്ഞ ദിവസം സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഓഫീസിൽ ഏൽപ്പിച്ച് ഉടമസ്ഥർക്ക് തിരികെ നൽകാൻ തയ്യാറായ  വിദ്യാർത്ഥികളെ അസംബ്ലിയിൽ വച്ച് അനുമോദിച്ച ശേഷം ഇത്തരത്തിലുള്ള വിദ്യാർത്ഥികളിലെ നല്ല ശീലങ്ങളേയും സത്യസന്ധതയേയും പ്രചോദിപ്പിക്കുവാൻ ഇടയാക്കിയ ശ്രീ.ഷിൽസന്റെ മാതൃകയെ പ്രശംസിച്ചു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ സംസാരിച്ചു. നല്ലപാഠം ക്ലബ് കോ ഓർഡിനേറ്റർമാരായ ശ്രീ.ജോൺസൺ കുര്യാക്കോസ്, ശ്രീമതി വനജ കെ. എന്നിവർ ആശംസകൾ അറിയിച്ചു.




വായനയുടെ നല്ല പാഠങ്ങളുമായി ദ്വാരക എ.യു.പി സ്കൂൾ - പത്രവാർത്ത

Tuesday 26 June 2018

നല്ല വായനയിലൂടെ 'നല്ലപാഠത്തിലേക്ക്'

നല്ല വായനയിലൂടെ 'നല്ലപാഠത്തിലേക്ക്'
.........................................
ദ്വാരക എ.യു.പി സ്ക്കൂളില്‍ വായനാവാരത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനങ്ങളും വായനക്ക് പ്രാധാന്യം നല്‍കി നടത്താന്‍ തീരുമാനിച്ചു. ക്ലാസ് ലൈബ്രറി, വായനാക്ലബ്ബ്, തുടര്‍ വായന, അമ്മവായന, കുഞ്ഞുവായന, വീട്ടിലൊരു ലൈബ്രറി, തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചു. ബാലസാഹിത്യങ്ങള്‍, വിജ്ഞാനകോശങ്ങള്‍, ഇതരഭാഷാ പുസ്തകങ്ങള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ സജി ജോണ്‍ ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോ-ഓഡിനേറ്റര്‍ ജോണ്‍സന്‍ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു.








Tuesday 19 June 2018

*കുട്ടികളിലെ പഠനവൈകല്യം എങ്ങനെ കണ്ടെത്താം

?*
⚡⚡📚📚📖📖⚡⚡

അവ പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം ?
” എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് ശ്രദ്ധയോടെ പഠിക്കാന്‍ സാധിക്കുന്നില്ല. പാഠഭാഗങ്ങളെല്ലാം വളരെ പെട്ടെന്നാണ് മറന്നുപോവുന്നത്. ഗുണനവും ഹരണവും എങ്ങനെയെന്ന് പോലും അവനറിയില്ല”.
മകന്റെ ഈ അവസ്ഥയില്‍ അജീഷിന്റെ അമ്മ വളരെ ദുഃഖിതയാണ്. മൂന്നാം ക്ലാസ് വരെ പഠിക്കാന്‍ വളരെ മിടുക്കനായിരുന്ന കുട്ടിക്ക് പിന്നെന്താണ് സംഭവിച്ചത് ? അജീഷിന്റെ അമ്മ മാത്രമല്ല, പല മാതാപിതാക്കളും നേരിടുന്ന ഒരു അവസ്ഥയാണിത്.
സാധാരണയായി കുട്ടികള്‍ക്കുണ്ടാവുന്നൊരു പ്രശ്നമാണ് പഠനവൈകല്യം. ഇതിന്റെ ആരംഭത്തില്‍ മാതാപിതാക്കളില്‍ പലരും കരുതുന്നത് കുട്ടിയുടെ ബുദ്ധിക്കുറവും മടിയും കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാവുന്നതെന്നാണ്.
എന്നാല്‍ പലപ്പോഴും കാരണം ഇതാവണമെന്നില്ല. കാരണമറിയാതെ കുട്ടികളെ ശാസിച്ചാല്‍ അത് ചെന്നെത്തുന്നത് വലിയ വിപത്തുകളിലേക്കാവും

*എങ്ങനെ തിരിച്ചറിയാം ?*

സാധാരണകുട്ടികള്‍ക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ അസാമാന്യമായ ബുദ്ധിസാമര്‍ത്ഥ്യമുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം.
ഇത് പല മാതാപിതാക്കള്‍ക്കും പ്രാരംഭത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. പഠനത്തില്‍ പിന്നോക്കമെങ്കിലും ചില കുട്ടികള്‍ പാഠ്യേതര വിഷയങ്ങളില്‍ വളരെ മികവ് പുലര്‍ത്താറുണ്ട്.
പഠനവൈകല്യമുള്ള കുട്ടികളുടെ കൈയക്ഷരത്തില്‍ നിന്നും അവരുടെ നിലവാരം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാം. എഴുതാനുപയോഗിക്കുന്ന പെന്‍സില്‍, പേന എന്നിവ വ്യത്യസ്തമായ രീതിയിലായിരിക്കും അവര്‍ ഉപയോഗിക്കുന്നത്. എഴുത്ത്് ആരംഭിക്കുമ്പോള്‍ മുതല്‍ കുട്ടികളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുക്കും.
എഴുതുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ കൃത്യമായ അകലം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. മാത്രമല്ല, അദ്ധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി മനസ്സിലാക്കി എഴുതാനും കഴിയില്ല. വളരെ സാവധാനത്തിലായിരിക്കും ഓരോ വാക്കുകളും എഴുതുന്നത്.
എഴുതുന്ന വാക്കുകള്‍ വീണ്ടും വീണ്ടും എഴുതുക, അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോവുക എന്നിവയും പഠനവൈകല്യത്തിന്റെ ഭാഗമാണ്. മൂന്ന് തരം പഠനവൈകല്യങ്ങളാണ് പ്രധാനമായും ഉള്ളത്.

*1. ഡിസ്ലെക്‌സിയ*
⚡⚡⚡⚡⚡⚡⚡⚡

അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. തുടക്കത്തില്‍ തന്നെ ഇതിന് വേണ്ട രീതിയില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ക്രമേണ പഠനവൈകല്യം കുട്ടിയുടെ എഴുത്തിനേയും സംസാരത്തേയും ബാധിക്കും.

*2. ഡിസ്‌ക്കാല്‍ക്കുലിയ*
⚡⚡⚡⚡⚡⚡⚡⚡

സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാകാതാവുന്നു. ഗുണനവും ഹരണവും എന്തെന്ന് പോലും മറന്നുപോവുന്ന അവസ്ഥ.
വഴക്കുപറയാതെ, കുട്ടികളുടെ സമീപമിരുന്ന് ഓരോ സംഖ്യകളും അവയുടെ പ്രത്യേകതകളും പറഞ്ഞു കൊടുക്കുക. ചെറുപ്പത്തില്‍ കണക്ക് എന്ന വിഷയത്തെ അകറ്റി നിര്‍ത്തിയാല്‍ പിന്നീടത് പഠിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാകും. അബാകസ് പരിശീലന കോഴ്‌സുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക.

*3. ഡിസ്ഗ്രാഫിയ*
⚡⚡⚡⚡⚡⚡⚡⚡

അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. അദ്ധ്യാപകരോ മാതാപിതാക്കളോ ഇത് തിരിച്ചറിഞ്ഞാലുടന്‍ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക.
അച്ഛനമ്മമാര്‍ ശ്രദ്ധിക്കാന്‍
പഠനവൈകല്യത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണ്. കുട്ടിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.
📚📚📚📚📚📚📚📚

1. പഠനവൈകല്യമുള്ള കുട്ടിയെ ഒപ്പമിരുത്തി പ്രശ്നങ്ങള്‍ സാവധാനം ചോദിച്ച് മനസ്സിലാക്കുക.

2. മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദഗ്ദരുടെ അഭിപ്രായം തേടുക.

3. ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കുട്ടിയോട് ചോദിച്ച് മനസ്സിലാക്കുക. അതില്‍ ഭീഷണിയുടേയോ വഴക്കുപറച്ചിലിന്റെയോ സ്വരം കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേക്കുറിച്ച് ക്ലാസ് ടീച്ചറോട് സംസാരിച്ച് വേണ്ട ശ്രദ്ധ കൊടുക്കുക.

4. വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് നല്ല ശ്രവണശക്തിയുണ്ടാവും. ഇതെക്കുറിച്ച് അദ്ധ്യാപികയോട് സംസാരിച്ച് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

5. ചെറിയ കുട്ടിയാണെങ്കില്‍ അമ്മയോ അച്ഛനോ കുട്ടിക്ക് ചിത്രകഥകള്‍ വായിച്ച് അതിലെ ഗുണപാഠങ്ങള്‍ പറഞ്ഞുകൊടുക്കുക. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ കഥാപുസ്തകങ്ങള്‍ കുട്ടിയെക്കൊണ്ട് ഉറക്കെ വായിപ്പിക്കുക.

6.വിനോദയാത്രകള്‍ക്കായി സമയം ചെലവഴിക്കുക. ഒറ്റയ്ക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടതെന്തെന്ന് പറഞ്ഞു കൊടുക്കുകയും മറ്റുള്ള അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

7. കുട്ടിയുടെ പ്രവര്‍ത്തനശൈലിയും താല്പര്യങ്ങളും നിരീക്ഷിക്കുന്നതും അവയുടെ വിശദാംശങ്ങള്‍ അദ്ധ്യാപകരെ അറിയിക്കുകയും ചെയ്യുക. ഇത് കുട്ടിയുടെ പഠനത്തെ അനുകൂലമായി ബാധിക്കും.

8. കുട്ടികളുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക. ഒരിക്കലും അവരുടെ പരാജയത്തെ ചൂണ്ടിക്കാട്ടി പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുക.

9. വീട്ടില്‍ കുട്ടിക്ക് വായിക്കാന്‍ താല്പര്യമുള്ള കുട്ടിക്കഥകളും പുസ്തകങ്ങളും സ്ഥിരമായി വാങ്ങുക. അവരുടെ വായനശീലം വളര്‍ത്തുക.

10. മറ്റുള്ളവരെക്കാള്‍ മിടുക്കനായി കുട്ടി പഠിക്കുന്നുണ്ടോ എന്നതിനു പകരം എത്രത്തോളം പരിശ്രമിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കുക .

📖📖📖📖📖📖📖📖📖

Tuesday 12 June 2018

ദ്വാരക എ.യു.പി സ്കൂൾ - വിദ്യാലയ ചരിത്രം


ദ്വാരക എ യു പി സ്കൂൾ

 _വിദ്യാലയ ചരിത്രം_

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട  പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോൾ വെള്ളമുണ്ട, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂർ വില്ലേജും ഉൾപ്പെടുന്നതുമായ സ്ഥലമാണിത്.പുളിയൻ രാജവംശത്തിന്റെ പിൻമുറക്കാരനായി വന്ന പുളിയൻനായരുടെ ‌അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയൻ നായരെ കീഴടക്കുകയും അദ്ദേഹത്തിൻെറ അധീനതയിലായിരുന്ന പ്രദേശങ്ങൾ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായർ തറവാട്ടുക്കാർക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടർ നമ്പ്യാർ എന്ന ജന്മിക്ക് ചാർത്തി കൊടുത്ത നിരവിൽപ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടർകോട്ട എന്ന പേരാണ് ഉള്ളത്. ഇതിൽ നിന്നാണ് തൊണ്ടർനാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയിൽ മംഗലശ്ശേരി നായന്മാരാണ് കുടി പാർത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയു‍ടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരിൽ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായർ കരിങ്ങാരിയിലും ചെറുകരനായർ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയിൽ ആയപ്പോൾ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.
വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ
കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാൻ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാർ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടിൽ CWMS എന്ന പേരിൽ രണ്ട് ബസ് സർവ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണൽവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികൾ നിറഞ്ഞ ഈ വൃക്ഷങ്ങൾ വഴിയാത്രക്കാർപ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികൾ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീർ പന്തൽ എന്ന പേരിലാണ് അറിയപ്പെട്ടത്.ജനങ്ങളിൽ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണൻനായരെ ഒരു സ്കൂൾ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാൽ ദ്വാരകയിൽ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണൻ നായർ പാരമ്പര്യമായി തുടർന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാൽ മാനേജർ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നിൽ സി.കെ .നാരായണൻ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നൽകിയിരുന്നത്. തുടർന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.

സ്കുൾ പ്രവേശനം:
ആദിവാസി വിഭാഗത്തിൽക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തിൽ 60 കുട്ടികളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേർതിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാൻ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.
അധ്യാപകർ:
അധ്യാപകരിൽ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ.ബാലൻമാസ്റ്റർ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റർ, ടി.എച്ച്.കുഞ്ഞിരാമവാര്യർ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യർ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ. മാധവൻ നമ്പ്യാർ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തിൽ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തിൽ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകർക്ക് അന്ന് ശമ്പളമായി 30 രൂപ മുതൽ ലഭിച്ചിരുന്നു.
വിദ്യാഭ്യാസ സമ്പ്രദായം
ഇന്ന് അറിയപ്പെടുന്നതുപോലെ എൽ.പി.,യു.പി. എന്നിവ യഥാക്രമം എൽ.പി. എലമെന്ററി എന്നും യു.പി.ഹയർ എലിമെന്ററി സ്കൂൾ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതൽ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കിൽ 11 വർഷം പഠിക്കണമായിരുന്നു. ഹൈസ്കൂൾ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എൽ.സി. എന്നതിനെയും സൂചിപ്പിക്കുന്നു
ഭൗതിക സൗകര്യങ്ങൾ:
‌‌ അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തിൽ ഓടുമേ‍‍ഞ്ഞതും പച്ചക്കട്ടകൊണ്ട് നിർമിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജർ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂൾ പി.ടി.​എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു.

വിദ്യാലയ വളർച്ച -ഘട്ടങ്ങളിലൂടെ
സ്കൂൾ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക് വാർധക്യ സഹജകാരണങ്ങളാൽ സ്കൂൾ ഭരണം തുടർന്ന് നടത്താൻ വിഷമം നേരിട്ടപ്പോൾ സ്കൂൾ തലശ്ശേരി കോർപ്പറേറ്റിന് വിൽക്കാൻ തീരുമാനിച്ചു.1953-ൽ തലശ്ശേരിരൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോർജ്ജ് കഴിക്കച്ചാലിൽ അച്ചൻ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതൽ 7 ക്ലാസുകളിലെ 113 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകർ ഈ കാലയളവിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയിൽ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകൾ മാത്രമാണുണ്ടായിരുന്നത്. യു.പി. സ്കൂൾ ഇരുന്ന ഈ സ്ഥലത്തിന് നാലാം മൈൽ എന്നാണ് പറഞ്ഞിരുന്നത്. 1972-ൽ ഒരു ഡിവിഷനിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുകയും ആ പോസ്റ്റിൽ ആന്റണി സാർ നിയമിതനാവുകയും ചെയ്തു. നെല്ലിക്കൽ മൂർത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത് സഹകരണത്തോടെ ഒരു അറബിക് പോസ്റ്റിന്ആവശ്യമായ കുട്ടികൾ സ്കൂളിൽ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റർ നിയമിതനാകുകയും ചെയ്തു. സ്കൂളിൽ ഡിവിഷൻ വർദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂൾ‍ ശരിക്കും വളർച്ചയുടെ പാതയിലായി. 1973-ൽ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സ്കൂൾ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെന്റിലേക്ക് ലയിച്ചു. എ.വി.മത്തായി പി.എൽ.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ് തുടങ്ങിയവർ അധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂർണതയിലെത്തി.സ്കൂൾ വില്പനയുമായി ബന്ധപ്പെട്ടുനടന്ന എതിർപ്പിനെ തുടർന്ന് ഒരു വിഭാഗം അധ്യാപകർ കുറെ കുട്ടികളുമായി ഇപ്പോൾ Dwaraka Sacret Heart Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദൽ സ്കൂൾ ആരംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകർക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. പിന്നീട് പുതിയ സ്കൂൾ കാപ്പുംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും അത് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇപ്പോഴത്തെ നല്ലൂർനാട് ജി.യു.പി.സ്കൂൾ തുടർന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേസ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകർക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.
പുതിയ വിദ്യാലയവും പ്രവർത്തനവും
പുതിയ വിദ്യാലയത്തിൽ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്. കൂടാതെ പി.ആർ. നാരായണൻ ,എം. പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.സരോജിനി ടീച്ചർ റിട്ടയർ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റർ നിയമിതനായി. നാട്ടുകാരനായ ഒരാളെ ഹെഡ്മാസ്റ്റർ ആയി കിട്ടിയതോടെ സ്കൂളിന് ഒരു പുതിയ ഉണർവുണ്ടായി. ഹൈസ്കൂളിൽ 100% വിജയം കൂടിആയതോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനിൽ 75 കുട്ടികൾ വരെയായി. സ്കൂളിൽ ഡിവിഷൻ അനുവദിക്കണമെങ്കിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചൻ മാനേജരായിരുന്ന കാലത്ത് കോർപറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തിൽ ഒരു ഇരുനില കെട്ടിടം ഉണ്ടായി.
ഈ കാലഘട്ടത്തിൽ സബ് ജില്ലാതലത്തിലും ശാസ്ത്രമേളയിൽ മിക്ക വർഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്ആയിരുന്നു.1988ൽ സംസ്ഥാന ശാസ്ത്രമേളയിൽ ഇ.കെ.ജോസഫ് സാറിന്റെ നേത‍ൃത്വത്തിൽ മികച്ച നേട്ടം കൈവരിച്ചു കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ സ്കൂളിന്റെ യശസ്സ് ഉയർന്നുവരാൻ ഇടയാക്കി. 1993 മുതൽ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോൺ സാർ ആയിരുന്നു. ഈ കാലഘട്ടത്തിൽ 1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു.എൽ.എസ്.എസ്,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കൈവരിക്കാൻ ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയമേള,കലാമേള,കായികമേള,സംസ്കൃതോത്സവം എന്നിവയിൽ സബ്ജില്ലാ,ജില്ലാതലങ്ങളിൽ ഉന്നതവിജയം കൈവരിച്ചി രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂൾ വിദ്യാർത്ഥിനി രശ്മി കിരൺ ജി.ആണ്. സ്കൗട്ട്,ഗൈഡ്,ബുൾ ബുൾ,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളിൽ കാര്യക്ഷമമായി നടന്നിരുന്നു. കോർപ റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner ആദ്യവർഷം തന്നെ Best U.P School പദവി നേടാനായി.
1999ൽ ഏപ്രിൽ മാസം മുതൽ ശ്രീ.ഇ.കെ.ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എൽ.എസ്.എസ്,യു.എ സ്.എസ്.പരീക്ഷകളിൽ കൂടുതൽ കുട്ടികൾക്ക് വിജയം ലഭിച്ചു. സ്കൂളിൽ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാലത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദർ വിജയൻ ചോഴം പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മൂന്നാമത്തെ നിലയും പൂർത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റർ വെളളം ശേഖരിച്ചു വെയ്ക്കുന്ന ടാങ്ക് എന്നിവയുടെ നിർമ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതുംഈ കാലഘട്ടത്തിലാണ്.
2000 ഏപ്രിൽ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.കലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എൽ.എസ്.എസ്.,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിലും അഭിമാനാർഹമായ നേട്ടം സ്കൂൾ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിർണയത്തിൽ ഈ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ബാന്റ് ട്രൂപ്പ് ചടങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തിൽ ഷെജിൻ വർഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടുകയുമായി. ഉപജില്ലാ കലാമത്സരത്തിൽ കലാതിലകപട്ടവും,പ്രസംഗ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി. സ്കൂളിന്റെ സുവർണ ജൂബിലി 2003ൽ വിപുലമായി ആഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ് നിർമിക്കപ്പെടുകയും ചെയ്തു.

വിദ്യാലയം ഇന്ന്:
1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു  . ഹെഡ്മാസ്റ്റർ സജി ജോൺ ന്റെ കീഴിൽ 1270 ഓളം വിദ്യാർത്ഥികളുമായി ദ്വാരക എ.യു.പി സ്കൂൾ ഇന്ന് മികവിന്റെ പാതയിലാണ്. 

Monday 4 June 2018

ഇന്ന് ലോക പരിസ്ഥിതി ദിനം

*ഇന്ന് ലോക പരിസ്ഥിതി ദിനം*

____________________________________

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

*പരിസ്ഥിതിദിന സന്ദേശങ്ങൾ*


വർഷം ! പരിസ്ഥിതിദിന സന്ദേശങ്ങൾ
2016 ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.)
 2015 -700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ2014നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)

2012 -ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include yo Iu?)

2011 - വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010 - അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി

2009 -നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ

2008 ,-ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്

2007 -മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം

2006 -കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)

2005നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)

2004 - ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)

2003. വെള്ളം, അതിനുവേണ്ടി

 2000. കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)

2002 - ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)

2001 -ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life)

2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം

*ലോകപരിസ്ഥിതി ദിനം 2011*

2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.


*ലോകപരിസ്ഥിതി ദിനം 2013*

2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print )എന്നതാണ്.

*ലോകപരിസ്ഥിതി ദിനം 2015*

2015 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ" എന്നതാണ്.

*ലോക പരിസ്ഥിതി ദിനം 2016*

"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്.അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.

*ലോക പരിസ്ഥിതി ദിനം 2017*

"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം.

*ലോക പരിസ്ഥിതി ദിനം 2018*

'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.


_______________,________________

Sunday 3 June 2018

*വയനാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 05 വരെ അവധി*

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തി ജില്ലയായ വയനാട്ടിലും കൂടുതൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും .
ജാഗ്രതയുടെ ഭാഗമായി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 05 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ജൂൺ 06 ആയിരിക്കും അടുത്ത പ്രവർത്തി ദിനം.അന്നേ ദിവസം വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. സ്കൂളിൽ ഉച്ചഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.