Monday 5 March 2018

ദ്വാരക എ.യു.പി സ്കൂൾ - 2017-18 അക്കാദമിക വർഷ- വാർഷിക റിപ്പോർട്ട്

സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച - വീഡിയോ റിപ്പോർട്ട്


                                             
വാർഷിക റിപ്പോർട്ട് 2017-18
ദ്വാരക എ.യു.പ്പി സ്കൂൾ  

സഹൃദയരെ ,
        നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷരചൈതന്യം പകർന്നു നൽകുന്ന ദ്വാരക എ.യു.പി. സ്‌കൂളിന്റെ 65 ആം വാർഷികവും, രക്ഷാകർതൃ ദിനവും , സർവീസിൽ നിന്ന്  വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ ശ്രീ.ഷാജി വർഗീസ് , ശ്രീ. പി.ഡി .ജോസഫ് സാർ , സി.മേരി കെ മാത്യു SABS , ശ്രീമതി ആഗ്നസ് ജോൺ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ ഈ അധ്യായന വർഷത്തെ പ്രവർത്തന റിപ്പോർട്ട് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

വിദ്യാലയ ചരിത്രം

        1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

വിദ്യാലയം ഇന്ന്

റവ: ഫാദർ ജോസ് തേക്കനാടി മാനേജരായും , ശ്രീ.ഷാജി വർഗീസ് സാർ  പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 34 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു.   എൽ.പി , യു.പി വിഭാഗങ്ങളിലായി 1200 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉറുദു സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ 583 കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച ശ്രീമതി മോണിക്ക ടീച്ചർ,ശ്രീമതി. ഫിലോമിന ടീച്ചർ , സിസ്റ്റർ മേരിക്കുട്ടി ,സ്ഥാനക്കയറ്റം ലഭിച്ച പ്രീയങ്ക ടീച്ചർ , സജി സാർ , സ്ഥലം മാറ്റം ലഭിച്ച മേഴ്‌സി ടീച്ചർ എന്നിവർക്ക് പകരം ജിഷ ടീച്ചർ, ദീപ്തി ടീച്ചർ, സിസ്റ്റർ ക്രിസ്റ്റീന , മേബിൾ പോൾ,യൂസഫ് സാർ,ജിതേഷ് സാർ, എന്നിവർ ഈ അധ്യയന വാർഷാദ്യം നിയമിക്കപ്പെട്ടു.

        2017 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ , പി.റ്റി..  , വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. സ്‌കൂൾ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചാനയിച്ചു.

പി.റ്റി.എ.  :-

        വിദ്യാലയത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും പി.റ്റി.. യുടെ ഭാഗത്തുനിന്ന് ലഭിച്ചുവരുന്നു. ഈ വർഷം ശ്രീ. നാസർ കീപ്രത്ത് പ്രസിഡന്റായും , ശ്രീമതി. ഷീജ മാത്യു എം.പി.റ്റി  എ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

        ഈ വർഷം നാല് ക്ലാസ്സ് മുറികൾ അത്യാധുനിക സൗകര്യത്തോടു കൂടിയ ഹൈ-ടെക് ക്ലാസ് റൂമുകളാക്കി മാറ്റാൻ കഴിഞ്ഞു. ഈ മികവ് പ്രവർത്തനത്തിലൂടെ വയനാട് ജില്ലയിലെ ആദ്യത്തെ ഹൈ-ടെക് ക്ലാസ് റൂം പ്രൈമറി വിദ്യാലയമായി  ദ്വാരക എ.യു.പി സ്‌കൂൾ മാറി. ഇതിന് സഹായിച്ച എല്ലാവരെയും ഏറെ ആത്മാർത്ഥമായ നന്ദിയോടെ സ്മരിക്കുന്നു.

അക്ഷര വെളിച്ചം പദ്ധതി:

        വിദ്യാലയത്തിന്റെ മികവ് പ്രവർത്തനങ്ങളിൽ ഏറെ പിന്തുണ ലഭിച്ച പ്രവർത്തനമാണിത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എസ്.റ്റി  വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3 :45 മുതൽ 4:30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. ഏഴാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികൾക്കും ലേഖന, വായന ശേഷിയിൽ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. എസ്.റ്റി  വിഭാഗം കുട്ടികൾക്ക് പഞ്ചായത്ത് നിയമിച്ച ടീച്ചർ പരിശീലനം നൽകി വരുന്നു. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ‘വിജയ ജ്യോതി’ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. എൽ.എസ്.എസ് , യു.എസ്,എസ്  പരീക്ഷകൾക്കായി നാല്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് ഇതിലൂടെ പരിശീലനം ലഭിക്കുന്നു. 2016-2017 അധ്യയന വർഷം നാല് എൽ.എസ്.എസ് ഉം ഒരു യു.എസ്.എസ് ഉം നേടാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. യു.എസ്.എസ് പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി അഫീഫ തസ്‌നിം ദ്വാരക എ.യു.പി. സ്‌കൂളിന്റെ അക്കാദമിക മികവുയർത്തി.

ക്ലബുകൾ :-

        ബുൾ ബുൾ യുണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, നല്ല പാഠം യൂണിറ്റ് തുടങ്ങി 15 ഓളം ക്ലബുകൾ വിദ്യാലയത്തിന്റെ ജീവ നാഡികളായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ക്ളബ്ബുകൾ സജീവമാണ്. ദിനാചരണ സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഓരോ ക്ലബ്ബകളും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ദിപ്പിക്കുന്നതിനും വായനാശേഷി വർദ്ദിപ്പിക്കുന്നതിനും വായനാ ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്.
        വിവിധ ക്വിസ് മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തി. എൽ.പി. വിഭാഗത്തിൽ ക്രിസ്റ്റോ കെ.എസ് , നിർമൽ മാത്യു എന്നിവർ ജില്ലാതല വിജയികളായി. ഈ വർഷം ഓണം, ക്രിസ്തുമസ്, ശിശുദിനം, അധ്യാപക ദിനം എന്നിവ പി.റ്റി..യുടെ നേത്ര്യത്വത്തിൽ വിപുലമായി നടത്തി. കുട്ടികളുടെ പ്രധാനമന്ത്രിയായി നിർമൽ മാത്യുവും , സ്പീക്കറായി മെറിൽ ബിൻ ഗ്രെയ്സും തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാന്റ് സെറ്റ് ട്രൂപ്പ്  എല്ലാ ആഘോഷങ്ങൾക്കും മാറ്റ് കൂട്ടൂന്നു. ഈ വർഷത്തെ സ്‌കൂൾ ലീഡറായി കുമാരി എയ്ഞ്ചലിന് സജിയും, ഡെപ്യൂട്ടി ലീഡറായി മാസ്റ്റർ അലൻ കെ.എസ് ഉം തെരഞ്ഞെടുക്കപ്പെട്ടു.

മേളകൾ നേട്ടങ്ങൾ ഈ വർഷം

        ഈ വർഷം  പഞ്ചായത്ത് തല അറബിക് മേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ രണ്ടാംസ്ഥാനവും നേടാൻ നമുക്ക് കഴിഞ്ഞു.  കൂടാതെ ഉപജില്ലാ കായികമേള, കലാമേള, സംസ്കൃതോത്സവം ,അറബിക് മേള വിവിധ ശാസ്ത്രമേളകൾ എന്നിവയിലും നമ്മുടെ കുട്ടികൾ മികവു പുലർത്തി . ജില്ലാ ഗണിത പൂക്കള മത്സരത്തിൽ മെറിൽ ബിൻ ഗ്രെയ്‌സ് ഒന്നാംസ്ഥാനം നേടി എൽപി വിഭാഗത്തിൽ കീർത്തനയും വിജയിയായി. ജില്ലാ സംസ്കൃതോത്സവത്തിൽ നിദാ ഫർഹത്ത് സമ്മാനാർഹയായി. ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ വിദ്യാലയം മൂന്നാം സ്ഥാനം നേടി. ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  അമേഗ്  ഷാജി രണ്ടാംസ്ഥാനം നേടി കായികപാരമ്പര്യത്തിന്റെ തുടർ കണ്ണിയായി. മാറ്റൊലി റേഡിയോ സ്റ്റേഷൻ നടത്തിയ വിവിധ പ്രസംഗം മത്സരങ്ങളിൽ എൽപി യുപി വിഭാഗങ്ങളിൽ
അയനാ സതീഷ് , എയ്ഞ്ചലിൻ സജി എന്നിവർ ഒന്നാം സ്ഥാനം നേടി.  ദീപിക ചിൽഡ്രൻസ് ലീഗിന്റെ  നേതൃത്വത്തിൽ നടത്തിയ പ്രവിശ്യാ തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ റണ്ണേഴ്സപ്പാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
യുപി വിഭാഗത്തിൽ നാലു കുട്ടികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് A  ഗ്രേഡിന് അർഹരായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 11 പേർ സ്കോളർഷിപ്പിന് അർഹരായി.  ന്യൂ മാത്‍സ് പരീക്ഷയിൽ മെറിൽ ബിൻ ഗ്രെയ്‌സ്   ആൽബിൻ സജി എന്നീ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കഥാരചനയിൽ ഹണി സാജു  ഒന്നാംസ്ഥാനം നേടി . അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.


ഡി.സി.എൽ  സ്കോളർഷിപ്പിൽ 240 വിദ്യാർഥികൾ വിജയികളായി 95 പേർ ഗോൾഡ് മെഡൽ നേടി ഏഴ് പേർ കാഷ്  അവാർഡിന് അർഹരായി. ദ്വാരക യുപി സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളമുയർത്തിയ പ്രതിഭകളെ അഭിമാനത്തോടെ സ്മരിക്കുന്നു.

ഹെൽപ്പ് ഡസ്ക് സന്മാർഗ പഠനം

        മാനവികതയുടെ ഈണവും താളവും തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ക്ലാസ്സുകളിൽ സന്മാർഗ പാഠം പഠിപ്പിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മുതിർന്ന  കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും നൽകിവരുന്നു.

ഈ അധ്യായന വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ

        ഈ വർഷം വിദ്യാഭ്യാസ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ബി.ആർ.സി.യുടെയും നേതൃത്വത്തിൽ നടന്ന ധാരാളം പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദിയായി.  ഉപജില്ലാ വാർത്ത വായനാ മത്സരം , വിവിധ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വൺ മില്യൻ ഗോൾ പ്രോഗ്രാം, മലയാളത്തിളക്കം, ശ്രദ്ധ പരിശീലനങ്ങൾ, ലഹരി വിരുദ്ധ സമിതിയുടെ വിമോചനയാത്ര സ്വീകരണം ,ഊർജ്ജ സംരക്ഷണ റാലി , ദേശ ജ്യോതി  പ്രശ്നോത്തിരി , പ്രാദേശിക പ്രതിഭാ  പരിശീലനം തുടങ്ങി  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നാം ആതിഥേയരായി.

സ്കൂൾ അസംബ്ലി

        അസംബ്ലി എല്ലാ ദിവസവും ഒമ്പതരയ്ക്ക് പ്രാർത്ഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു 9:45 മുതൽ 3:45 വരെയാണ് പഠനസമയം. ആഴ്ചയിൽ നാലുദിവസം അസംബ്ലി നടത്തുന്നു.  ബുധനാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തപ്പെടുന്നു. കുട്ടികളുടെ അച്ചടക്കം ശുചിത്വം സമയനിഷ്ഠ എന്നിവ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നിരീക്ഷിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു . ബുധനാഴ്ച എല്ലാ കുട്ടികളും സ്പോർട്സ് യൂണിഫോം ധരിച്ച എത്തുന്നത്  ആകർഷണീയമാണ് .
വേറിട്ട പ്രവർത്തനങ്ങൾ  

        വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾക്കും സമൂഹത്തിനും ഒട്ടേറെ ഗുണകരമായ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ മൂന്നുവർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും  നേടാൻ കഴിഞ്ഞു.  സമ്മാനത്തുകയായി 5000 രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന്  ലഭിച്ചു . നാവിൻ തുമ്പിലും പേനത്തുമ്പിലും  നന്മയുടെ നല്ലപാഠം രചിച്ച്  നമ്മുടെ കുട്ടികൾ മുന്നേറുകയാണ്.
        സ്നേഹ ബക്കറ്റ് , ജൈവപച്ചക്കറി കൃഷി,  പച്ചക്കറി ചന്ത ,വിത്ത് കൈമാറ്റം, കാരുണ്യ കുടുക്ക , ചികിത്സാസഹായം , ക്ളീൻ ക്യാമ്പസ്, ഹരിത വിദ്യാലയം, കാൻസറിനെതിരെ കരുതൽ, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജന്മദിന സമ്മാനം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു . ഈ വർഷത്തെ ഓണാഘോഷം എമ്മാവൂസ് വില്ലയിലെ  കുട്ടികളോടൊപ്പം നല്ലപാഠം പ്രവർത്തകർ നന്മയുടെ പൂക്കാലം ആക്കി മാറ്റി.

ജൈവപച്ചക്കറി വീട്ടിലും വിദ്യാലയത്തിലും

        വിദ്യാർത്ഥികൾ  ക്ലാസടിസ്ഥാനത്തിൽ സ്കൂൾ പരിസരത്ത് നിലമൊരുക്കി കൃഷിചെയ്തുവരുന്നു. ഇതിനാവശ്യമായ വിത്തുകൾ കുട്ടികൾ തന്നെ കൊണ്ടുവന്ന്  കൈമാറ്റം ചെയ്ത് നടുന്നു. ജൈവവളം മാത്രം ഉപയോഗിച്ച് ക്യാബേജ് ചീര , കോളിഫ്ലവർ , തക്കാളി, പയർ  എന്നിവ കൃഷി ചെയ്യുന്നു.  ആദ്യ വിളവെടുപ്പ് എടവക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ  വിജയൻ ഉദ്ഘാടനംചെയ്തു. പച്ചക്കറികൾ വിളവെടുക്കുന്നത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.  വീട്ടിൽ ഒരു അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നട്ടുനനച്ച് പരിപാലിച്ചു വരുന്നു . വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾ ആഴ്ച ചന്തയിലൂടെ വില്പന ചെയ്യുന്നു . രക്ഷിതാക്കൾ അടക്കം നിരവധി ആളുകൾ ചന്തയിലെത്തി പച്ചക്കറി വാങ്ങുന്നു . ഇതിന്റെ ഭാഗമായി മികച്ച കുട്ടിക്കർഷക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.മികച്ച കുട്ടികർഷകനായി അഭിനന്ദ് എം.എസ്. തിരഞ്ഞെടുക്കപ്പെട്ടു.   ജെയ്‌സൺ ജോസഫ്  , അക്ഷയ് ഗോപാൽ  എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി .  പച്ചക്കറി ചന്തയിലൂടെ  കുട്ടികൾ ഗണിതത്തിലെ  ചതുഷ്ക്രിയകൾ സ്വായത്തമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പഠനയാത്ര

        കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതാണ് പഠനയാത്രകൾ.  ഈ വർഷം  ജല കൗതുകങ്ങൾ നിറഞ്ഞ വിസ്മയ വാട്ടർ തീം പാർക്കിലേക്കായിരുന്നു പഠനയാത്ര.  60 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു .

കൈയെഴുത്തു മാസികകൾ

        കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി   ഈ വർഷം നിറക്കൂട്ട്, ഹരിതം, മഴവില്ല്  എന്നീ കൈയെഴുത്തു മാസികകൾ തയ്യാറാക്കി. ശാസ്ത്ര കൗതുകങ്ങൾ നിറഞ്ഞ ശാസ്ത്ര ദീപം മാസിക ശാസ്ത്രക്ലബ്ബ് തയ്യാറാക്കി. കൂടാതെ കാൻസറിനെതിരെ ബോധവത്കരണവുമായി തയ്യാറാക്കിയ  “കരുതൽ” മാഗസിൻ ജില്ലാ തലത്തിൽ ശ്രദ്ധ നേടി.

        ഈ അധ്യയന വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ , ബി.പി., ബി.ആർ.സി.കോ.ഓർഡിനേറ്റേഴ്‌സ് , നൂൺ മീൽ ഓഫീസർ, ഭാഷാ സ്‌പെഷ്യൽ ഓഫീസർ , കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും, വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ അസംബ്ലി , ക്ലാസ് ലൈബ്രറി, കുടിവെള്ള ഭക്ഷണ വിതരണം,അക്ഷര വെളിച്ചം പദ്ധതി പച്ചക്കറി ചന്ത, ഹൈ-ടെക് ക്ലാസ് റൂം എന്നിവ ഏറെ ശ്രദിക്കപ്പെട്ടു.

        ഭൗതീക അക്കാദമിക സൗകര്യങ്ങൾ മെച്ചപ്പെട്ട് ആറര പതിറ്റാണ്ട് പൂർത്തിയാക്കി വിദ്യാലയം ഇന്നിന്റെ പ്രൗഢിയിൽ എത്തി നിൽക്കുമ്പോൾ വിദ്യാലയത്തിനു വേണ്ടി പ്രയത്‌നിച്ച,  പ്രചോദനമേകിയ , ഒപ്പം നിന്ന എല്ലാ സുമനസുകളേയും , അവരുടെ സേവനങ്ങളേയും  നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ സംക്ഷിപ്ത റിപ്പോർട്ട് നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.

No comments:

Post a Comment